കാഞ്ചനയുടെ കാത്തിരിപ്പ് സഫലം; ഒടുവിൽ മൊയ്തീന്റെ പേരിലുള്ള സേവാമന്ദിരത്തിന് സ്വന്തമായി കെട്ടിടം

കോഴിക്കോട്: വർഷങ്ങൾ കാത്തിരുന്നിട്ടും സഫലമാകാതെ പോയ പ്രണയത്തിന്റെ ജീവിക്കുന്ന പ്രതീകമായ മുക്കത്തെ കാഞ്ചനമാലയ്ക്ക് ഒടുവിൽ ബിപി മൊയ്തീന്റെ പേരിലുള്ള സേവാമന്ദിരത്തിന് സ്വന്തമായി കെട്ടിടം ലഭിച്ചിരിക്കുകയാണ്. കാഞ്ചനമാലയുടെ കാലങ്ങളായുളള കാത്തിരിപ്പിനാണ് ഇതോടെ അവസാനമായിരിക്കുന്നത്. മുക്കത്താണ് ബിപി മൊയ്തീന്റെ പേരിലുള്ള സേവാമന്ദിരത്തിന് സ്വന്തമായി കെട്ടിടം ഉയർന്നത്. 80 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടം ഈ മാസം 20ന് പൊതുജനങ്ങൾക്കായി സമർപ്പിക്കും.

കാഞ്ചനമാലയുടേയും മൊയ്തീന്റേയും പ്രണയം നേരിട്ട പ്രതിസന്ധികൾക്ക് ഇടയിൽ ഇരുവരും പരസ്പരം ആശയവിനിമയം നടത്താൻ സ്വന്തമായി ഒരു ഭാഷയ്ക്ക് പോലും രൂപം നൽകി. മൊയ്തീൻ മരിച്ച് മൂന്നര പതിറ്റാണ്ടിനിപ്പുറവും കാഞ്ചനമാല ആ ഭാഷയെ നെഞ്ചോട് ചേർക്കുന്നു. മൊയ്തീന്റെ മരണശേഷവും ഒന്നും മറക്കാൻ കാഞ്ചനമാലയ്ക്കായിട്ടില്ല. ഇതിനിടയിൽ മനസിൽ ചേക്കേറിയ വലിയൊരു സ്വപ്നമാണ് ഈ മാസം 20ന് സാക്ഷാത്കരിക്കപ്പെടുന്നത്. . മൊയ്തീന്റെ സുഹൃത്തുക്കളും നാട്ടുകാരുമടക്കം നിരവധി പേർ പിന്തുണയുമായെത്തിയപ്പോൾ ഒടുവിൽ ആ സ്വപ്‌നം സഫലമായിരിക്കുകയാണ്.

മൊയ്തീന്റെ ഉമ്മ അരീപ്പറ്റ മണ്ണിൽ ഫാത്തിമയുടെ പേരിലുള്ള വീട്ടിലായിരുന്നു വർഷങ്ങളോളം സേവാമന്ദിരം പ്രവർത്തിച്ചിരുന്നത്. അഞ്ച് വർഷം മുമ്പാണ് മാളിക കോംപ്ലക്ലിലെ മൂന്നാം നിലയിലേക്ക് മാറിയത്. പുതിയ കെട്ടിടത്തിൽ വായനാശാല, വൃദ്ധജനങ്ങൾക്കായുളള സായാഹ്നസ്വർഗം, വനിതകൾക്കുള്ള തൊഴിൽ പരിശീലന കേന്ദ്രം, പ്രശ്‌നപരിഹാര സെൽ എന്നിവയാണ് പ്രവർത്തിക്കുക.

അതേസമയം, ഇനിയീ കത്തുകൾ മാളിക കോംപ്ലക്ലിലെ മുറിയിലിരുന്ന് വായിക്കാനാവില്ലല്ലോ എന്നതു മാത്രമാണ് സങ്കടമെന്ന് തമാശച്ചിരിയോടെ കാഞ്ചനമാല പറയുന്നു. 1987ൽ പ്രവർത്തനമാരംഭിച്ച സേവാമന്ദിരത്തിന് സ്വന്തമായി കെട്ടിടം വേണമെന്നുള്ളത് അന്നുമുതലുള്ള കാഞ്ചനമാലയുടെ മോഹമാണ്.

Exit mobile version