കാശ്മീര്‍ ആപ്പിളുകളില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍; വ്യാപാരികള്‍ പ്രതിസന്ധിയില്‍; പ്രതിഷേധം

സംഭവത്തില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കാശ്മീരില്‍നിന്നുള്ള ആപ്പിളുകള്‍ ബഹിഷ്‌കരിക്കുമെന്ന് കഠുവ വ്യാപാരികള്‍ അറിയിച്ചു

ശ്രീനഗര്‍: കാശ്മീര്‍ ആപ്പിളുകളില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍. കശ്മീര്‍ താഴ്വരയില്‍നിന്ന് ജമ്മുവിലെ മാര്‍ക്കറ്റുകളില്‍ വില്‍പ്പനയ്ക്കായെത്തിച്ച ആപ്പിളുകളിലാണ് മാര്‍ക്കര്‍ പേന ഉപയോഗിച്ച് രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിയിരിക്കുന്നത്. സംഭവത്തില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കാശ്മീരില്‍നിന്നുള്ള ആപ്പിളുകള്‍ ബഹിഷ്‌കരിക്കുമെന്ന് കഠുവ വ്യാപാരികള്‍ അറിയിച്ചു.

‘ഇന്ത്യ ഗോബാക്ക്’, ‘മേരേ ജാന്‍ ഇമ്രാന്‍ഖാന്‍’, ‘ഞങ്ങള്‍ക്കു സ്വാതന്ത്ര്യം വേണം’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് വില്പ്പനയ്ക്കായെത്തിച്ച ആപ്പിളുകളില്‍ ഉണ്ടായിരുന്നത്. മുദ്രാവാക്യങ്ങള്‍ ഇംഗ്ലീഷിലും ഉറുദുവിലുമാണ് എഴുതിയിരുന്നത്. ആപ്പിളുകളില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ കണ്ടതോടെ ജനങ്ങള്‍ ഇത് വാങ്ങാതെയുമായി.

ഇതോടെ ആപ്പിളിന്റെ വില്‍പ്പന കുറഞ്ഞ് കച്ചവടക്കാരും പ്രതിസന്ധിയിലായി. സംഭവത്തെത്തുടര്‍ന്ന് വ്യാപാരികള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തി. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കാശ്മീരില്‍നിന്നുള്ള ആപ്പിളുകള്‍ ബഹിഷ്‌കരിക്കുമെന്ന് കഠുവ മൊത്തവ്യാപാര കേന്ദ്രത്തിന്റെ പ്രസിഡന്റ് രോഹിത് ഗുപ്ത പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Exit mobile version