സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഇടിമിന്നലും മഴയുമെന്ന് പ്രവചനം; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

തൃശ്ശൂർ: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ കനത്ത ഇടിമിന്നലിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇടി മിന്നലോട് കൂടിയ മഴയാണ് സംസ്ഥാനത്ത് ലഭിക്കുക. ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്.

തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയുണ്ടാകുമെന്നും അറിയിപ്പുണ്ട്. അപകടകാരിയായ ഇടിമിന്നലിനൊപ്പമാകും മഴ. 19 വരെയാണ് കനത്ത മഴയുടെ പ്രവചനം. ഉരുൾപൊട്ടൽ ഭീതിയുള്ള മേഖലകളിൽ താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കാൻ നിർദേശിച്ചു.

മഴക്കൊപ്പമുള്ള ഇടിമിന്നൽ അപകടം വരുത്തും. ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 10 വരെയുള്ള സമയങ്ങളിലാണ് ഇടിമിന്നലിന് സാധ്യത. ഈ സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നവർ ശ്രദ്ധിക്കണം. കുട്ടികളെ തുറസ്സായ ഇടങ്ങളിലോ ടെറസ്സിലോ കളിക്കാൻ വിടരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുള്ളവർക്കും അതോറിറ്റി പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള മാലദ്വീപ്, ലക്ഷദ്വീപ് പ്രദേശങ്ങളിലേക്ക് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

Exit mobile version