സ്ത്രീ വിരുദ്ധ പരാമര്‍ശം: ഫിറോസ് കുന്നംപറമ്പിലിനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ സംഭവത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

കെഎസ്‌യു മലപ്പുറം ജില്ലാ മുന്‍ വൈസ് പ്രസിഡന്റ് ജസ്ലാ മാടശ്ശേരിയ്‌ക്കെതിരെ
നടത്തിയ പരാമര്‍ശത്തിലാണ് നടപടി. ഫിറോസിനെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ ആവശ്യപ്പെട്ടു.

‘സ്ത്രീ’ എന്ന വാക്ക് ഈ വിധം ഉപയോഗിച്ചതിലൂടെ കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയും ഫിറോസ് അപമാനിച്ചിരിക്കുകയാണ്. ഇതിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരാള്‍ ഇത്രയും വൃത്തികെട്ട രീതിയില്‍ സ്ത്രീകളെ അഭിസംബോധന ചെയ്യാന്‍ പാടില്ല. ഇങ്ങനെയുളളവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും ജോസഫൈന്‍ അഭിപ്രായപ്പെട്ടു.

‘കുടുംബത്തിലൊതുങ്ങാത്ത, വേശ്യാവൃത്തി നടത്തുന്ന, അവനവന്റെ സുഖത്തിനായി ജീവിക്കുന്ന സ്ത്രീ’ എന്നിങ്ങനെയാണ് ഫിറോസ് കുന്നംപറമ്പിലിന്റെ വിവാദ പരാമര്‍ശം.

രാഷ്ട്രീയ പാര്‍ട്ടികളിമായൊന്നും ബന്ധമില്ലെന്ന് പറഞ്ഞു നടക്കുന്ന ഫിറോസ്, മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും മുസ്‌ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനു വേണ്ടി വോട്ട് ചോദിക്കാനെത്തിയതിനെ ജസ്ല വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ ഫേസ്ബുക്ക് ലൈവിലാണ് സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഫിറോസ് നടത്തിയത്.

Exit mobile version