പതിവ് തെറ്റിക്കാതെ സര്‍ക്കാര്‍; അടുത്ത കൊല്ലത്തേയ്ക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി നടപടി ആരംഭിച്ചു, കൃത്യ സമയത്ത് പുസ്തകം എത്തും

പാഠപുസ്തക അച്ചടിയും വിതരണവും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയെ (കെബിപിഎസ്) ചുമതലപ്പെടുത്തി.

തിരുവനന്തപുരം: ഇത്തവണയും പതിവു തെറ്റിക്കാതെ കുട്ടികള്‍ക്ക് പഠനത്തിനാവശ്യമായി പുസ്തകങ്ങള്‍ ഇറക്കാന്‍ നടപടി കൈകൊണ്ടിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലേയ്ക്കുള്ള പുസ്തകങ്ങളാണ് അച്ചടിക്കുന്നത്. അവധിയാഘോഷം കഴിഞ്ഞ് സ്‌കൂളില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായി തന്നെ പുസ്തകങ്ങള്‍ ലഭ്യമാക്കും.

പാഠപുസ്തക അച്ചടിയും വിതരണവും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയെ (കെബിപിഎസ്) ചുമതലപ്പെടുത്തി. അച്ചടി മുതല്‍ അതത് സ്‌കൂള്‍ സൊസൈറ്റികളില്‍ പുസ്തകമെത്തിക്കുന്നത് വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളുടെയും ചുമതല കെബിപിഎസിനാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പാഠപുസ്തകം അച്ചടിക്കാനുള്ള പേപ്പര്‍ കമ്പനിയില്‍ നിന്ന് വാങ്ങാന്‍ കെപിബിഎസിന് അനുമതി നല്‍കി.

അച്ചടിയില്‍ നേരിടുന്ന കാലതാമസം ഒഴിവാക്കി കുട്ടികള്‍ക്ക് സമയബന്ധിതമായി പുസ്തകം ലഭ്യമാക്കാനാണ് ഈ തീരുമാനം. അധികാരത്തിലെത്തി ആദ്യവര്‍ഷം മുതല്‍ പുസ്തകവിതരണം വൈകാതിരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ട്. കഴിഞ്ഞ അധ്യയന വര്‍ഷം സ്‌കൂള്‍ അടക്കുന്നതിന് മുമ്പ് അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പുസ്തകം വിതരണം ചെയ്തിരുന്നു.

Exit mobile version