രണ്ടു കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയത് ഭര്‍തൃവീട്ടിലെ കട്ടിലും കിടക്കയും ഗ്യാസ് സിലിണ്ടറുമായി; വീട്ടമ്മയും കാമുകനും അറസ്റ്റില്‍

കോഴിക്കോട് കണ്ണൂക്കരയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം

കോഴിക്കോട്: കോഴിക്കോട് ഭര്‍തൃവീട്ടിലെ വീട്ടുസാധനങ്ങളുമായി ഒളിച്ചോടിയ സംഭവത്തില്‍ വീട്ടമ്മയും വിവാഹിതനായ കാമുകനും പിടിയില്‍. കോഴിക്കോട് കണ്ണൂക്കരയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പതിനേഴും പതിമൂന്നും വയസ്സുള്ള രണ്ടു കുട്ടികളെ ഉപേക്ഷിച്ചാണ് പിലാക്കണ്ടി പ്രകാശന്റെ ഭാര്യ ഷീബ (40) കാമുകന്‍ കോടിയേരി മാങ്ങോട്ട് താഴക്കുനി സുജിത്തിനോടൊപ്പം (40) ഒളിച്ചോടിയത്.

ആംബുലന്‍സ് ഡ്രൈവറായ ഇയാള്‍ വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണ്. ഷീബ കാമുകനോടൊപ്പം ഇറങ്ങിയത് ഭര്‍തൃവീട്ടിലെ ഗ്യാസ് സിലിണ്ടര്‍, കട്ടില്‍, കിടക്ക ഉള്‍പ്പെടെയുള്ള സാധനങ്ങളുമായാണ്. സംഭവത്തില്‍ ചോമ്പാല പോലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ ഷീബയെയും സുജിത്തിനെയും റിമാന്‍ഡ് ചെയ്തു.

ഷീബയെ കോഴിക്കോട് ജില്ലാ ജയിലിലേക്കും സുജിത്തിനെ വടകര സബ് ജയിലിലേക്കുമാണ് അയച്ചത്. സംഭവത്തില്‍ കുട്ടികളെ മാനസികമായി പീഡിപ്പിച്ചതിന് ജുവനൈല്‍ ആക്ട് പ്രകാരം ഷീബക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. ഇന്‍ഷുറന്‍സ് കമ്പനി ഏജന്റായ ഷീബ രണ്ടുവര്‍ഷമായി സുജിത്തുമായി പ്രണയത്തിലാണെന്ന് പോലീസ് പറഞ്ഞു.

Exit mobile version