നല്‍കിയ 600 വാഗ്ദാനങ്ങളില്‍ നടപ്പിലാക്കാന്‍ ബാക്കിയുള്ളത് 53 എണ്ണം മാത്രം; ചരിത്രത്തില്‍ ഇത് ആദ്യ സംഭവം, നേട്ടം പങ്കുവെച്ച് മുഖ്യമന്ത്രി

ഇപ്പോള്‍ രാജ്യത്ത് ഏറ്റവും കുറഞ്ഞ അഴിമതിയുള്ള സംസ്ഥാനമെന്ന പദവി കേരളത്തിനു ലഭിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

കൊച്ചി: അധികാരത്തിലേറുമ്പോള്‍ ഇടതുമുന്നണി 600 വാഗ്ദാനങ്ങളാണ് ജനങ്ങള്‍ക്കായി നല്‍കിയത്. ഇതില്‍ ഇനി നടപ്പിലാക്കാന്‍ ബാക്കിയുള്ളത് 53 എണ്ണം മാത്രമാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പങ്കുവെച്ചത്. ഇതെല്ലാം സര്‍ക്കാരിന്റെ നാലാംവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എറണാകുളം ടിഡിഎം ഹാളില്‍ കഴിഞ്ഞ ദിവസം നടന്ന മുഖാമുഖം പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. നിക്ഷേപത്തിനായി ബഹുരാഷ്ട്ര കമ്പനികളടക്കം വരാന്‍ തയ്യാറായിരിക്കുകയാണെന്നും മുഖ്യമന്ത്രി പറയുന്നു. ഇപ്പോള്‍ രാജ്യത്ത് ഏറ്റവും കുറഞ്ഞ അഴിമതിയുള്ള സംസ്ഥാനമെന്ന പദവി കേരളത്തിനു ലഭിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍;

600 കാര്യങ്ങളാണ് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നത്. ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമായിരിക്കും ഇത്. ജനങ്ങളോടു പറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്ന സര്‍ക്കാരാണിത്. മൂന്നരവര്‍ഷം മുമ്പ് ഇന്ത്യയില്‍ അഴിമതിയില്‍ ഒന്നാം സ്ഥാനത്തായിരുന്നു കേരളം. ഇന്നതൊക്കെ മാറി. ഇപ്പോള്‍ രാജ്യത്ത് ഏറ്റവും കുറഞ്ഞ അഴിമതിയുള്ള സംസ്ഥാനമെന്ന പദവി കേരളത്തിനു ലഭിച്ചു. നിക്ഷേപത്തിനായി ബഹുരാഷ്ട്ര കമ്പനികളടക്കം വരാന്‍ തയ്യാറായിരിക്കുകയാണ്.

യുഡിഎഫ് ഭരണത്തില്‍ സാംസ്‌കാരിക ജീര്‍ണതയാണുണ്ടായിരുന്നത്. ഭരണതലത്തില്‍ തന്നെ ആ ജീര്‍ണത നിലനിന്നു. ഇടതുപക്ഷം വന്നതോടെ മലയാളിയുടെ സംസ്‌കാരം വീണ്ടെടുക്കാന്‍ സാധിച്ചു. ദേശീയപാതാ വികസനമൊന്നും നടക്കില്ലെന്ന ധാരണയായിരുന്നു മുമ്പ്. അതെല്ലാം ഇപ്പോള്‍ മാറി. തടസ്സം നിന്നവര്‍ക്കും ഇത് ഒഴിച്ചുകൂടാന്‍ കഴിയാത്ത കാര്യമാണെന്നു മനസ്സിലായി. കേരളത്തില്‍ ഭൂമിക്ക് വില കൂടുതലായതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു ഭാഗം വഹിക്കണമെന്നാണു കേന്ദ്രമന്ത്രി ആവശ്യപ്പെട്ടത്. ചര്‍ച്ചയ്ക്കുശേഷം 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കാമെന്നേറ്റു. ദേശീയപാതയ്ക്ക് സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കിയ ചെങ്ങള-തലപ്പാടി, ചെങ്ങള-നീലേശ്വരം ഭാഗത്ത് നിര്‍മ്മാണം നടത്താന്‍ ഉടന്‍ ടെന്‍ഡര്‍ ക്ഷണിക്കും. ബാക്കിസ്ഥലങ്ങളില്‍ സ്ഥലമെടുപ്പ് നടപടികള്‍ നടക്കുകയാണ്.

പ്രധാനമന്ത്രിയെ ആദ്യം കാണാന്‍ ചെന്നപ്പോള്‍ ഗെയില്‍ പൈപ്പ് ലൈന്‍ മുടങ്ങിയതിനെക്കുറിച്ചാണ് അദ്ദേഹം പരാതിപ്പെട്ടത്. ഇപ്പോള്‍ ആ തടസ്സങ്ങളെല്ലാം നീങ്ങി. ഇനി ഗെയില്‍ പൈപ്പ് വലിക്കാനുള്ള താമസം മാത്രമേയുള്ളു. കൂടങ്കുളം വൈദ്യുതി ലൈനിലെ തടസ്സങ്ങള്‍ കാരണം പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ പദ്ധതി ഉപേക്ഷിച്ചുപോയതായിരുന്നു. ഇടതുസര്‍ക്കാര്‍ വന്ന ശേഷം തടസ്സങ്ങള്‍നീക്കി ലൈന്‍ ചാര്‍ജ് ചെയ്തു. കരിമണല്‍ ഖനനത്തിന് പൊതുമേഖലയില്‍ സംവിധാനമൊരുക്കും. ഏതു ഖനനവും പൊതുമേഖലയില്‍ വേണമെന്നതാണു സര്‍ക്കാര്‍നയം. ടൈറ്റാനിയം വികസനത്തിനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തും.

Exit mobile version