വീണ്ടും അഭിമാനത്തിളക്കത്തില്‍ സംസ്ഥാനം; മാതൃമരണ നിരക്കും ശിശുമരണ നിരക്കും ഏറ്റവും കുറവ്, നേട്ടങ്ങളുടെ പട്ടികയില്‍ കുതിച്ച് കേരളം

ഈ വര്‍ഷം നീതി ആയോഗ് നടത്തിയ രണ്ടാംഘട്ട റാങ്കിംഗിലും കേരളത്തിന് തന്നെയായിരുന്നു ഒന്നാം സ്ഥാനം.

ന്യൂഡല്‍ഹി: വീണ്ടും അഭിമാന നേട്ടം കൊയിതിരിക്കുകയാണ് കേരളം. മാതൃമരണ നിരക്കും ഏറ്റവും കുറഞ്ഞ സംസ്ഥാനം എന്ന നേട്ടമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ദേശീയ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് സംസ്ഥാനത്തിന് ഇപ്പോള്‍ നേട്ടം ലഭിച്ചിരുന്നത്. രാജ്യത്തെ വിദ്യാലയങ്ങളുടെ വിദ്യാഭ്യാസ ഗുണനിലവാര സൂചികാ പട്ടികയില്‍ രാജ്യത്ത് ഒന്നാമതെത്തിയതിന് പിന്നാലെയാണ് ആരോഗ്യമേഖലയിലും ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

ഈ വര്‍ഷം നീതി ആയോഗ് നടത്തിയ രണ്ടാംഘട്ട റാങ്കിംഗിലും കേരളത്തിന് തന്നെയായിരുന്നു ഒന്നാം സ്ഥാനം. ഇതോടെ നേട്ടങ്ങളുടെ പട്ടികയില്‍ കേരളം കുതിക്കുകയാണ്. 2030 ആകുമ്പോഴേക്കും മാതൃമരണ നിരക്ക് 70 എങ്കിലും ആയി കുറക്കണമെന്നായിരുന്നു ഐക്യരാഷ്ട്ര സഭയുടെ നിര്‍ദ്ദേശം. എന്നാല്‍ കേരളം വളരെ നേരത്തെ തന്നെ ഈ നേട്ടം കൈവരിച്ചിരുന്നു. മാതൃമരണനിരക്ക് കേരളത്തില്‍ നിലവില്‍ ഒരു ലക്ഷത്തില്‍ 46 മാത്രമാണ്.

2020 ആകുമ്പോഴേക്ക് ഇത് 30 ആക്കുകയാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. ശിശുമരണ നിരക്ക് കുറയ്ക്കുന്നതിലും കേരളം ഒട്ടുംപിന്നിലല്ല. ഒരു ലക്ഷം കുട്ടികള്‍ ജനിക്കുമ്പോള്‍ കേരളത്തില്‍ മരിക്കുന്ന കുട്ടികളുടെ എണ്ണം പത്താണ്. നീതി ആയോഗ് ആരോഗ്യ രംഗത്തെ 23 ഇനങ്ങളായി വിലയിരുത്തി പഠനം നടത്തിയപ്പോഴാണ് 2019 ലെ രണ്ടാം ഘട്ടത്തില്‍ കേരളം ഒന്നാമതെത്തിയത്. ഡെങ്കിപ്പനിയും എച്ച് വണ്‍എന്‍വണ്‍ പോലുള്ള പകര്‍ച്ച വ്യാധികളെ നേരിടുന്നതിലും മികച്ച പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനം നടത്തി വന്നത്.

Exit mobile version