‘പ്രേതമാണെന്ന് പറഞ്ഞ് വാച്ചര്‍മാര്‍ മാറിനിന്നു, കുഞ്ഞിനെ കോരിയെടുത്ത് രക്ഷപ്പെടുത്തിയത് ഓട്ടോഡ്രൈവര്‍’ ഒരു വയസ്സുകാരിയുടെ അത്ഭുതരക്ഷപ്പെടലില്‍ ട്വിസ്റ്റ്

തൊടുപുഴ: യാത്രയ്ക്കിടെ ജീപ്പില്‍ നിന്നും റോഡില്‍ വീണ ഒരു വയസ്സുകാരിയ്ക്ക് രക്ഷകരായത് ഓട്ടോഡ്രൈവരെന്ന് സ്ഥിരീകരണം. നേരത്തെ റോഡില്‍ വീണ കുഞ്ഞ് ചെക്ക് പോസ്റ്റിലേക്ക് ഇഴഞ്ഞെത്തിയെന്നും ഫോറസ്റ്റ് വാച്ചര്‍മാരാണ് രക്ഷകരായതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

സംഭവത്തില്‍ മൂന്നാര്‍ പോലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ വനപാലകര്‍ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി മൂന്നാമതൊരാളെ കൂടി കണ്ടതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഓട്ടോഡ്രൈവറാണ് യഥാര്‍ഥ രക്ഷകനായതെന്ന് കണ്ടെത്തിയത്.

റോഡില്‍ വീണ കുഞ്ഞിനെ കോരിയെടുത്ത് ചെക്ക്‌പോസ്റ്റില്‍ എത്തിച്ചത് മൂന്നാറിലെ ഓട്ടോ ഡ്രൈവര്‍ കനകരാജാണ്. വനംവകുപ്പ് പുറത്തുവിട്ട വീഡിയോ ഭാഗികമായതിനാലാണ് കനകരാജിനെ കാണാതെപോയത്. സംഭവസ്ഥലത്ത് ‘പേയ്ഭീതി'(പ്രേതഭീതി)യുണ്ടെന്ന ഭയത്തില്‍ വാച്ചര്‍മാര്‍ അകന്നുനിന്നപ്പോള്‍ കനകരാജാണ് കുഞ്ഞിനെ എടുത്തത്.

വസ്ത്രം ഇല്ലാതെയും മൊട്ടത്തലയായു കുഞ്ഞ് ഇഴഞ്ഞുവന്നതു കണ്ട്
വാച്ചര്‍മാരായ ഇടമലക്കുടി നൂറടി കൈലേഷ്, വിശ്വനാഥും പ്രേതമാണെന്ന് കരുതി ഭയന്നിരുന്നു. രാജമലയില്‍ ഓട്ടംപോയി തിരികെവന്ന കനകരാജ് വനംവകുപ്പ് ചെക്ക്‌പോസ്റ്റില്‍ ഗേറ്റ് തുറക്കാന്‍ ഓട്ടോ നിര്‍ത്തിയപ്പോഴാണ് ലൈറ്റിന്റെ വെളിച്ചത്തില്‍ ‘അപൂര്‍വ ജീവി’യെ കണ്ടത്. ഇതുകണ്ടെങ്കിലും ചെന്നുനോക്കാന്‍ ഭയന്നിരുന്ന വാച്ചര്‍മാര്‍ കനകരാജിനെ നിര്‍ബന്ധിക്കുകയായിരുന്നു.

തുടര്‍ന്ന്, മുട്ടിലിഴഞ്ഞ് റോഡ് കടന്നുവന്ന കുട്ടി തന്നെ കണ്ടതോടെ ‘അമ്മേ’ വിളിച്ചുകരഞ്ഞതായി കനകരാജ് പറഞ്ഞതായി ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്യുന്നു. അപ്പോള്‍ തന്നെ കുട്ടിയെ വാരിയെടുത്ത് ചെക്ക്‌പോസ്റ്റിലെത്തിച്ചു. മുറിവുകള്‍ തുടച്ച് തോര്‍ത്തില്‍ പൊതിഞ്ഞ് തണുപ്പകറ്റി.

അപ്പോഴേക്കും രണ്ടു കിമീ അകലെനിന്ന് ഫോറസ്റ്ററും ഗാര്‍ഡും പിറകെ വൈല്‍ഡ്‌ലൈഫ് വാര്‍ഡനും എത്തി. മൂന്നാര്‍ എസ്‌ഐയും വനിത പൊലീസും വന്നശേഷമാണ് വീട്ടിലേക്ക് പോയതെന്നും കനകരാജ് പറഞ്ഞു.

സെപ്റ്റംബര്‍ ഒമ്പതിന് രാത്രിയാണ് യാത്രക്കിടെ ഒരുവയസ്സുകാരി ജീപ്പില്‍നിന്ന് തെറിച്ചുവീണത്. അടിമാലി കമ്പിളികണ്ടം മുള്ളരിക്കുടി താന്നിക്കല്‍ സബീഷിന്റെയും സത്യഭാമയുടെയും 13 മാസം പ്രായമായ മകള്‍ രോഹിതയാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്.

പഴനി ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ അമ്മയുടെ മടിയില്‍ ഉറങ്ങിക്കിടന്ന കുഞ്ഞാണ് റോഡിലേക്ക് വീണത്. കുട്ടിയെ നഷ്ടപ്പെട്ടെന്ന് മാതാപിതാക്കളറിയുന്നത് സംഭവസ്ഥലത്തുനിന്ന് 50 കി.മീ അകലെ സ്വന്തം വീട്ടിലെത്തിയ ശേഷമാണ്.

Exit mobile version