കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവം; കായികവകുപ്പ് അന്വേഷണം ആരംഭിച്ചു

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അത്‌ലറ്റിക് മീറ്റിലെ വളണ്ടിയറായിരുന്ന അഫീലിന്റെ തലയില്‍ ഗ്രൗണ്ടില്‍ നിന്ന് ജാവലിനുകള്‍ നീക്കം ചെയ്യുന്നതിനിടെ ഹാമര്‍ വന്ന് വീണത്

തിരുവനന്തപുരം: കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാന കായികവകുപ്പ് അന്വേഷണം ആരംഭിച്ചു. കേരള സര്‍വകലാശാല കായിക വകുപ്പ് മുന്‍ ഡയറക്ടര്‍ ഡോക്ടര്‍ കെകെ വേണുവിന്റെ നേതൃത്വത്തിലുള്ള സംഘം പാലാ സിന്തറ്റിക്ക് സ്റ്റേഡിയം സന്ദര്‍ശിച്ചു. മൂന്നംഗ അന്വേഷണ സമിതിയാണ് ഇത് അന്വേഷിക്കുന്നത്. സായ്‌യില്‍ നിന്ന് വിരമിച്ച അത്‌ലറ്റിക്ക് കോച്ച് എംബി സത്യാനന്ദന്‍, അര്‍ജുന അവാര്‍ഡ് ജേതാവും ബാഡ്മിന്റണ്‍ താരവുമായ വി ഡിജു എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

സ്‌റ്റേഡിയം സന്ദര്‍ശിച്ച അന്വേഷണ സംഘം മത്സരം നടത്തിയ ഒഫീഷ്യലുകളുടെ മൊഴിയും രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം ഹാമര്‍ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഫീലിന്റെ മാതാപിതാക്കളെ അന്വേഷണ സംഘം കണ്ടിരുന്നു. ഒരാഴ്ചയ്ക്കകം സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അത്‌ലറ്റിക് മീറ്റിലെ വളണ്ടിയറായിരുന്ന അഫീലിന്റെ തലയില്‍ ഗ്രൗണ്ടില്‍ നിന്ന് ജാവലിനുകള്‍ നീക്കം ചെയ്യുന്നതിനിടെ ഹാമര്‍ വന്ന് വീണത്. ഗുരുതരമായി പരിക്കേറ്റ അഫീലിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. അതേസമയം കണ്ടാല്‍ അറിയാവുന്ന പത്ത് പേര്‍ക്കെതിരെയും ചാമ്പ്യന്‍ഷിപ്പ് അശ്രദ്ധമായി കൈകാര്യം ചെയ്തതിന് അത്‌ലറ്റിക് ഫെഡറേഷന്‍ ഭാരവാഹികള്‍ക്ക് എതിരെയും പോലീസ് കേസ് എടുത്തിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ കായികമേള റദ്ദാക്കിരുന്നു.

Exit mobile version