ശബരിമല വിഷയത്തില്‍ ശാശ്വത പരിഹാരം ഭരണഘടന ഭേദഗതി! സമരം വ്യാപിക്കുന്നതിന് പകരം ശ്രീധരന്‍പിള്ള ഇക്കാര്യം പ്രധാനമന്ത്രിയോട് ആവശ്യപ്പെടണം; ചെന്നിത്തല

ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല തീര്‍ത്ഥാടനത്തിന് പോയതല്ല, മനപൂര്‍വ്വം പ്രശ്‌നമുണ്ടാക്കി ശബരിമലയെ സംഘര്‍ഷഭൂമിയാക്കാന്‍ പോയതാണ്

കോഴിക്കോട്: ശബരിമല വിഷയത്തില്‍ ശാശ്വതമായ പരിഹാരം വേണമെങ്കില്‍ ഭരണഘടന ഭേദഗതി നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന് കേന്ദ്രം ഭരിക്കുന്ന ബിജെപി മുന്‍കൈയ്യെടുക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ മറ്റ് സംസ്ഥാനത്തേക്ക് സമരം വ്യാപിപ്പിക്കുന്നതിന് പകരം ഇക്കാര്യം നടപ്പാക്കാനായി ശ്രീധരന്‍പിള്ള പ്രധാനമന്ത്രിയെ കാണണമെന്നും ചെന്നിത്തല പറഞ്ഞു.

ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല തീര്‍ത്ഥാടനത്തിന് പോയതല്ല, മനപൂര്‍വ്വം പ്രശ്‌നമുണ്ടാക്കി ശബരിമലയെ സംഘര്‍ഷഭൂമിയാക്കാന്‍ പോയതാണ്. എന്നാല്‍ അവരെ അറസ്റ്റ് ചെയ്ത് സര്‍ക്കാര്‍ ശശികലയെ വലിയ ആളാക്കിയെന്നും ചെന്നിത്തല വിമര്‍ശിച്ചു.

ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന ശബരിമലയില്‍ പ്രാഥമിക സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. പ്രളയം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞിട്ടും സൗകര്യം ഒരുക്കാന്‍ കഴിയാത്തത് വീഴ്ച്ചയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടാണ് സര്‍വ്വകക്ഷിയോഗം പരാജയപ്പെടാന്‍ കാരണമെന്നും ശബരിമല തീര്‍ത്ഥാടനം തകര്‍ക്കാന്‍ സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

Exit mobile version