മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നതിനുള്ള സമിതിയുടെ ആദ്യയോഗം ഇന്ന് കൊച്ചിയില്‍

ഇന്ന് ചേരുന്ന യോഗത്തില്‍ ഫ്‌ളാറ്റ് പൊളിക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കാന്‍ യോഗ്യതയുള്ളവരുടെ ലിസ്റ്റ് സമിതി പരിശോധിക്കും

കൊച്ചി: കൊച്ചി മരടിലെ ഫ്‌ളാറ്റില്‍ നിന്ന് താമസം മാറിയ ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. കഴിഞ്ഞ ദിവസം സമിതിയിലെ രണ്ട് അംഗങ്ങളെ നിശ്ചയിച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. മുന്‍ ചീഫ് സെക്രട്ടറി ജോസ് സിറിയക്, തിരുവനന്തപുരം കെഎസ്ആര്‍എയിലെ എന്‍ജിനീയര്‍ ആര്‍ മുരുകേശന്‍ എന്നിവരാണ് സമിതിലെ മറ്റ് അംഗങ്ങള്‍.

തീരദേശ നിയമം ലംഘിച്ച് പണിത നാല് ഫ്‌ളാറ്റുകളാണ് സര്‍ക്കാര്‍ പൊളിച്ച് നീക്കുന്നത്. ഇന്ന് ചേരുന്ന യോഗത്തില്‍ ഫ്‌ളാറ്റ് പൊളിക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കാന്‍ യോഗ്യതയുള്ളവരുടെ ലിസ്റ്റ് സമിതി പരിശോധിക്കും. മരട് നഗരസഭയാണ് ഈ ലിസ്റ്റ് നല്‍കുക. അതേസമയം കൃത്യമായ രേഖകള്‍ സമര്‍പ്പിച്ച 130 ഓളം പേര്‍ക്ക് മാത്രമേ നഷ്ട പരിഹാര തുക ലഭിക്കുകയുള്ളൂ എന്നാണ് സൂചന. ഫ്‌ളാറ്റിന്റെ ഉടമസ്ഥാവകാശം രേഖയായി ഇല്ലാത്തവര്‍ക്ക് ഏതുതരത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്നത് അടക്കമുള്ള തീരുമാനം ഈ സമിതിയാണ് തീരുമാനിക്കുക.

അതേസമയം ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനായി ഇന്‍ഡോറില്‍ നിന്നുള്ള നിയന്ത്രിത സ്‌ഫോടന വിദഗ്ധന്‍ ശരത് ബി സര്‍വാതെ ഇന്ന് കൊച്ചിയില്‍ എത്തിച്ചേരും. നാളെ സബ്കളക്ടറുടെ നേതൃത്വത്തില്‍ ഫ്‌ളാറ്റുകള്‍ പരിശോധിച്ച ശേഷം പൊളിക്കുന്നതിന് കരാര്‍ നല്‍കാന്‍ ഷോര്‍ട് ലിസ്റ്റ് ചെയ്ത കമ്പനികളുമായി സര്‍വാതെ കൂടിക്കാഴ്ച്ച നടത്തും.

Exit mobile version