മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ചെലവ് രണ്ട് കോടിയില്‍ താഴെ

താഴെ നിന്ന് നാലുനില വരെയുള്ള തൂണുകളില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച് പൊട്ടിക്കുന്ന ചെലവേ ബാക്കിയുണ്ടാകൂവെന്ന് സബ് കളക്ടര്‍ വ്യക്തമാക്കി

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ പണിത ഫ്‌ളാറ്റുകളിലെ അഞ്ച് ടവറുകള്‍ പൊളിക്കുന്നതിന് രണ്ടുകോടിയില്‍ താഴെയേ ചെലവ് വരികയുള്ളൂവെന്ന് പൊളിക്കല്‍ ചുമതലയുള്ള ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് പറഞ്ഞു. മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് പ്രത്യേക ടെന്‍ഡര്‍ വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെട്ടിടങ്ങളുടെ ഉള്‍വശം നേരത്തെ പൊളിച്ചെടുക്കും. അതിനാല്‍ കെട്ടിടത്തിന്റെ അസ്ഥികൂടം മാത്രമേ അവസാനം തകര്‍ക്കാനുണ്ടാകൂവെന്നും താഴെ നിന്ന് നാലുനില വരെയുള്ള തൂണുകളില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച് പൊട്ടിക്കുന്ന ചെലവേ ബാക്കിയുണ്ടാകൂവെന്ന് സബ് കളക്ടര്‍ വ്യക്തമാക്കി.

കെട്ടിടം പൊളിച്ചു കിട്ടുന്ന മാലിന്യം പലരീതിയില്‍ ഉപയോഗിക്കാമെന്നതിനാല്‍ ഇങ്ങോട്ട് പണം നല്‍കി പൊളിച്ചോളാമെന്ന് ഒരു കമ്പനി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, കെട്ടിടം പൊളിച്ച് പരിചയമില്ലാത്തതിനാല്‍ ഇവരെ പരിഗണിച്ചില്ലെന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് പ്രത്യേക ടെന്‍ഡര്‍ വിളിക്കുമെന്നും സബ്കളക്ടര്‍ പറഞ്ഞു.

Exit mobile version