സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഒരുപാട് മലയാളികളെ കണ്ടു, പക്ഷേ അത്ഭുതപ്പെടുത്തിയത് കോഴിക്കോട്ടുകാരി സംഗീത; കുറിപ്പുമായി കെടി ജലീല്‍

മിടുക്ക് തെളിയിച്ച് പ്ലേസ്‌മെന്റ് കിട്ടിയും ഉപരിപഠനത്തിന് സ്റ്റേറ്റ്‌സില്‍ എത്തി നല്ല സ്ഥാപനങ്ങളില്‍ ജോലി കരസ്ഥമാക്കിയും സ്റ്റാട്ടപ്പുകള്‍ തുടങ്ങിയും സന്തോഷത്തോടെ കഴിയുന്നവരാണ് എല്ലാവരും തന്നെയെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: സാന്‍ഫ്രാന്‍സിസ്‌കോ സന്ദര്‍ശന വേളയില്‍ കോഴിക്കോട്ടുകാരി തന്നെ അത്ഭുതപ്പെടുത്തിയെന്ന് മന്ത്രി കെടി ജലീല്‍. ഫേസ്ബുക്കിലൂടെയാണ് മന്ത്രി കോഴിക്കോട്ടുകാരി സംഗീത അബ്ദു ജ്യോതിയെ കുറിച്ച് പരാമര്‍ശിച്ചത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഒരുപാട് മലയാളികളെ കണ്ടു, പക്ഷേ അത്ഭുതപ്പെടുത്തിയത് സംഗീതയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

സാന്‍ഫ്രാന്‍സിസ്‌കോയില്‍ എനിക്ക് ഒരുപാട് മലയാളികളെ കാണാന്‍ കഴിഞ്ഞു. അവരില്‍ മഹാ ഭൂരിഭാഗവും എഞ്ചിനീയര്‍മാരായിരുന്നു. എവിടെയാണ് പഠിച്ചതെന്ന് അന്വേഷിച്ചപ്പോള്‍ ഐഐടി, എന്‍ഐടി, പഴയ ആര്‍ഇസി മോഡല്‍ എഞ്ചിനീയറിംഗ് കോളേജ്, കുസാറ്റ് തുടങ്ങിയ കേരളത്തിലെ മികച്ച സ്ഥാപനങ്ങളുടെ പേരാണ് ഏതാണ്ടെല്ലാവരും പറഞ്ഞതെന്ന് അദ്ദേഹം പറയുന്നു. മിടുക്ക് തെളിയിച്ച് പ്ലേസ്‌മെന്റ് കിട്ടിയും ഉപരിപഠനത്തിന് സ്റ്റേറ്റ്‌സില്‍ എത്തി നല്ല സ്ഥാപനങ്ങളില്‍ ജോലി കരസ്ഥമാക്കിയും സ്റ്റാട്ടപ്പുകള്‍ തുടങ്ങിയും സന്തോഷത്തോടെ കഴിയുന്നവരാണ് എല്ലാവരും തന്നെയെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ ഇക്കൂട്ടത്തില്‍ അത്ഭുതപ്പെടുത്തിയത് സംഗീതയാണെന്ന് അദ്ദേഹം പറയുന്നു. കാലിക്കറ്റ് എന്‍ഐടിയിലെ 2010 ഇലക്ട്രോണിക്‌സ് ബാച്ചില്‍ ഗോള്‍ഡ് മെഡലിസ്റ്റായ ഈ മിടുക്കി പോസ്റ്റ്ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കിയത് 2012 ല്‍ പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നിന്നാണെന്നും മന്ത്രി കുറിച്ചു. കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിംഗില്‍ അമേരിക്കയിലെ ശ്രേഷ്ഠ സര്‍വകലാശാലകളില്‍ ഒന്നായ അര്‍ബാന ഷാംപെയ്‌നിലെ യൂണിവേഴ്‌സിറ്റി ഓഫ് ഇലിനോയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ സംഗീത ഇപ്പോള്‍ വീയെംവെയര്‍ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് ചെയ്യുകയാണ്.

അര്‍വൈനിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയായില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ടുമെന്റില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം കിട്ടിയ ഈ മലയാളി പെണ്‍കുട്ടി 2017 ല്‍ ലോകത്തെ വിവിധ സര്‍വകലാശാലകളില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ പിഎച്ച്ഡി ചെയ്യുന്ന പതിമൂന്നു പേര്‍ക്കു മാത്രം ഫേസ്ബുക്ക് ഏര്‍പ്പെടുത്തിയ ഫെല്ലോഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഒരാള്‍ കൂടിയാണെന്നും കെടി ജലീല്‍ പറയുന്നു.

പ്രശസ്ത സാങ്കേതിക സ്ഥാപനമായ എംഐടി ലോകത്തിലെ മികവുറ്റ സ്ത്രീ ഗവേഷകര്‍ക്ക് ഏര്‍പ്പെടുത്തിയ ‘റൈസിംഗ് സ്റ്റാര്‍’ പട്ടം 2018 ല്‍ ലഭിച്ചതും സംഗീത അബ്ദു ജ്യോതിക്കായിരുന്നുവെന്നും അദ്ദേഹം കുറിച്ചു. അനിതരസാധാരണമായ ഇച്ഛാശക്തിയും അടങ്ങാത്ത അന്വേഷണ തൃഷ്ണയും ആരെയും ആകര്‍ഷിക്കുന്ന വിനയവും സമന്വയിച്ച ഈ മിടുമിടുക്കിയെ നമ്മുടെ നാടിനുവേണ്ടി അഭിനന്ദിക്കാമെന്നും പറഞ്ഞ മന്ത്രി ഇനിയും ഒരുപാട് ഉയരങ്ങളിലെത്താന്‍ സംഗീതക്ക് കഴിയട്ടേ എന്ന് ആശംസിക്കുകയും ചെയ്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

കേമരില്‍ കേമിയായ
സംഗീത
====================
നമ്മുടെ രാജ്യത്തെ പ്രശസ്തമായ സ്ഥാപനങ്ങളില്‍ നിന്ന് പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്ന പ്രഗല്‍ഭര്‍ എവിടെയാണെന്നും അവരെന്തുകൊണ്ടാണ് പി.എസ്.സി, യു.പി.എസ്.സി പരീക്ഷകള്‍ എഴുതി സര്‍ക്കാര്‍ ഉദ്യോഗം സ്വീകരിച്ച് ഇവിടെ നില്‍ക്കാത്തതെന്നും ഞാന്‍ പലപ്പോഴും ആലോചിച്ചിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ എനിക്ക് ഒരുപാട് മലയാളികളെ കാണാന്‍ കഴിഞ്ഞു. അവരില്‍ മഹാ ഭൂരിഭാഗവും എഞ്ചിനീയര്‍മാരായിരുന്നു. എവിടെയാണ് പഠിച്ചതെന്ന് അന്വഷിച്ചപ്പോള്‍ IIT, NIT, CET, പഴയ REC, മോഡല്‍ എഞ്ചിനീയറിംഗ് കോളേജ്, കുസാറ്റ് തുടങ്ങിയ കേരളത്തിലെ മികച്ച സ്ഥാപനങ്ങളുടെ പേരാണ് ഏതാണ്ടെല്ലാവരും പറഞ്ഞത്. മിടുക്കു തെളിയിച്ച് പ്ലേസ്‌മെന്റ് കിട്ടിയും ഉപരിപഠനത്തിന് സ്റ്റേറ്റ്‌സില്‍ എത്തി നല്ല സ്ഥാപനങ്ങളില്‍ ജോലി കരസ്ഥമാക്കിയും സ്റ്റാട്ടപ്പുകള്‍ തുടങ്ങിയും സന്തോഷത്തോടെ കഴിയുന്നവരാണ് എല്ലാവരും തന്നെ.

അതുല്യമായ ഗവേഷണാവസരങ്ങളും ലോകോത്തര പ്രതിഭകള്‍ക്കൊപ്പം ജോലി ചെയ്യാനാകുമെന്ന അവസ്ഥയും ആകര്‍ഷണീയമായ പ്രതിഫലവും കഴിവും മികവും അതിന്റെ പൂര്‍ണാര്‍ത്ഥത്തില്‍ അംഗീകരിക്കപ്പെടുമെന്ന ഉത്തമ ബോദ്ധ്യവുമാണ് ഇന്ത്യയുടെ മസ്തിഷ്‌കങ്ങളെ അമേരിക്കയിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിക്കുന്നത് എന്നാണ് അവരില്‍ പലരും അഭിപ്രായപ്പെട്ടത്. അവിദഗ്ദരായ തൊഴിലാളികളും ചെറുകിട ബിസിനസ്സുകാരായ മലയാളികളുമാണ് മധ്യപൗരസ്ത്യ ദേശത്തെ പുരോഗതിയിലേക്ക് വഴിനടക്കാന്‍ സഹായിച്ചതെങ്കില്‍ അമേരിക്കയേയും യൂറോപ്യന്‍ രാജ്യങ്ങളെയും മലയാളി അവന്റെ ബുദ്ധിവൈഭവം കൊണ്ടും സേവന തല്‍പരതകൊണ്ടുമാണ് സമൃദ്ധമാക്കിയിരിക്കുന്നത്. ഫേസ്ബുക്ക്, ആപ്പിള്‍, ഗൂഗ്ള്‍, ഊബര്‍, ഇന്റെല്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍, ഒറാക്കള്‍, അഡോബി, സിസ്‌കോ, ടെസ്ല, നെറ്റ്ഫ്‌ലിക്‌സ് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ പ്രധാനപ്പെട്ട പോസ്റ്റുകളില്‍ ജോലിചെയ്യുന്ന മലയാളികളെ കുറിച്ച് കേട്ടപ്പോള്‍ എന്തെന്നില്ലാത്ത അഭിമാനം തോന്നി.

ഞാനിവിടെ കണ്ടുമുട്ടിയവരില്‍ എന്നെ അത്ഭുതപ്പെടുത്തിയത് കോഴിക്കോട്ടുകാരി സംഗീത അബ്ദു ജ്യോതിയായിരുന്നു. കാലിക്കറ്റ് NIT യിലെ 2010 ഇലക്ട്രോണിക്‌സ് ബാച്ചില്‍ ഗോള്‍ഡ് മെഡലിസ്റ്റായ ഈ മിടുക്കി പോസ്റ്റ്ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കിയത് 2012 ല്‍ പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നിന്നാണ്. കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിംഗില്‍ അമേരിക്കയിലെ ശ്രേഷ്ഠ സര്‍വകലാശാലകളില്‍ ഒന്നായ അര്‍ബാന ഷാംപെയ്‌നിലെ യൂണിവേഴ്‌സിറ്റി ഓഫ് ഇലിനോയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ സംഗീത ഇപ്പോള്‍ വീയെംവെയര്‍ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് ചെയ്യുകയാണ്. ഇവിടെ ഏതൊരു സ്ഥാപനത്തിന്റെ തലപ്പത്തെത്തുന്നതിനേക്കാള്‍ പ്രയാസമാണ് എണ്ണംപറഞ്ഞ ഏതെങ്കിലുമൊരു ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തില്‍ ഫാക്കല്‍റ്റിയായി നിയമനം ലഭിക്കുക എന്നുള്ളത്.

അര്‍വൈനിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയായില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ടുമെന്റില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം കിട്ടിയ ഈ മലയാളി പെണ്‍കുട്ടി 2017 ല്‍ ലോകത്തെ വിവിധ സര്‍വകലാശാലകളില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ പി.എച്ച്.ഡി ചെയ്യുന്ന പതിമൂന്നു പേര്‍ക്കു മാത്രം ഫേസ്ബുക്ക് ഏര്‍പ്പെടുത്തിയ ഫെല്ലോഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഒരാള്‍ കൂടിയാണ്. പ്രശസ്ത സാങ്കേതിക സ്ഥാപനമായ MIT ലോകത്തിലെ മികവുറ്റ സ്ത്രീ ഗവേഷകര്‍ക്ക് ഏര്‍പ്പെടുത്തിയ ‘റൈസിംഗ് സ്റ്റാര്‍’ പട്ടം 2018 ല്‍ ലഭിച്ചതും സംഗീത അബ്ദു ജ്യോതിക്കായിരുന്നു. അനിതരസാധാരണമായ ഇച്ഛാശക്തിയും അടങ്ങാത്ത അന്വേഷണ തൃഷ്ണയും ആരെയും ആകര്‍ഷിക്കുന്ന വിനയവും സമന്വയിച്ച ഈ മിടുമിടുക്കിയെ നമ്മുടെ നാടിനുവേണ്ടി അഭിനന്ദിക്കാം. ഇനിയും ഒരുപാട് ഉയരങ്ങളിലെത്താന്‍ സംഗീതക്ക് കഴിയട്ടേ എന്ന് ആശംസിക്കുകയും ചെയ്യാം.

Exit mobile version