തന്നോട് താൽപര്യം കാണിച്ചിരുന്നു; രണ്ടാമത്തെ മാസം വിവാഹത്തെ കുറിച്ചും പറഞ്ഞു

വിവാഹം കഴിച്ചാൽ ഷാജുവിന്റെ മകനും തന്റെ മകൻ റോമോയ്ക്കും രക്ഷിതാക്കളുടെ കരുതൽ കിട്ടുമെന്നും ജോളി പറഞ്ഞു.

താമരശ്ശേരി: സിലി ജീവിച്ചിരിക്കെ ജോളി തന്നോട് അടുപ്പം കാണിക്കാൻ ശ്രമിച്ചിരുന്നെന്ന് രണ്ടാം ഭർത്താവ് ഷാജുവിന്റെ മൊഴി. കൂടത്തായി കൂട്ടക്കൊലയിൽ മുഖ്യപ്രതി ജോളിയെ പൂർണമായും തള്ളിപ്പറയുന്നതാണ് ഷാജുവിന്റെ മൊഴി. എന്നാൽ, ഷാജുവിന്റെ പുളിക്കയത്തെ വീട്ടിൽ പരിശോധന നടത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കാനാണ് സാധ്യത. എന്നാൽ, തന്റെ ഭാര്യ സിലിയും മകൾ ആൽഫിനും മരണപ്പെട്ട ശേഷം ജോളിയാണ് വിവാഹക്കാര്യത്തിന് മുൻകൈയ്യെടുത്തതെന്നാണ് ഷാജുവിന്റെ നിലപാട്. സിലിയുടെ മരണം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് ജോളി തന്നെ വിളിച്ചു വരുത്തി വിവാഹം കഴിക്കുന്നതിനെപ്പറ്റി പറഞ്ഞത്. സിലിയുടെ സഹോദരനും മറ്റു ചില ബന്ധുക്കളും ഇങ്ങനെയൊരു വിവാഹം നടന്നു കാണാൻ ആഗ്രഹിക്കുന്നുണ്ടെന്നും, വിവാഹം കഴിച്ചാൽ ഷാജുവിന്റെ മകനും തന്റെ മകൻ റോമോയ്ക്കും രക്ഷിതാക്കളുടെ കരുതൽ കിട്ടുമെന്നും ജോളി പറഞ്ഞു.

ഇപ്പോൾ ഒരു കല്ല്യാണത്തെ കുറിച്ച് ചിന്തിക്കാൻ പറ്റിയ അവസ്ഥയിൽ അല്ല എന്ന് ജോളിയോട് പറഞ്ഞപ്പോൾ ആറ് മാസം കഴിഞ്ഞ് ഇതേക്കുറിച്ച് ആലോചിക്കാം എന്നായിരുന്നു മറുപടിയെന്നും ഷാജു പറയുന്നു. എന്നാൽ, ഒരു വർഷമെങ്കിലും കഴിയാതെ ഇതൊന്നും പറ്റില്ലെന്ന് താൻ തീർത്തു പറഞ്ഞതായും ഷാജു വെളിപ്പെടുത്തി. കല്ല്യാണത്തിന് മുൻപേ തന്നെ ജോളി തന്നോട് അടുത്ത് ഇടപെടാൻ ശ്രമിച്ചിരുന്നു എന്നും ഷാജു പറയുന്നു. സിലി ജീവിച്ചിരിക്കുന്ന കാലത്ത് ജോളിയുമായി യാതൊരു ബന്ധവും തനിക്ക് ഇല്ലായിരുന്നു. സിലി മരിക്കുന്നതിന് രണ്ടാഴ്ച മുൻപ് വയനാട് പനമരത്തിൽ ഒരു കല്ല്യാണത്തിന് പോയിട്ടുണ്ട്. ജോളിയുടെ കാറിലാണ് അന്ന് ഞങ്ങളെല്ലാം പോയത്. അന്നേ ജോളി ഞാനുമായി അടുപ്പം ഉണ്ടാകാൻ ശ്രമിച്ചിരുന്നു. ഇതൊക്കെ ഇപ്പോൾ ഓർക്കുമ്പോൾ മാത്രമാണ് മനസ്സിലാവുന്നത്. അന്നിതൊക്കെ യാദൃശ്ചികമായി മാത്രമായാണ് തോന്നിയത്.

സംസ്‌കാരചടങ്ങുകൾക്കിടെ സിലിയുടെ മൃതദേഹത്തിൽ ഞാൻ അന്ത്യചുംബനം നൽകുമ്പോൾ എനിക്കൊപ്പം തള്ളിക്കയറി ജോളിയും സിലിയുടെ മൃതദേഹത്തെ ചുംബിക്കാൻ ശ്രമിച്ചിരുന്നു. മരണചടങ്ങുകളെല്ലാം ഫോട്ടോയിൽ പകർത്തിയിരുന്നു. പിന്നീട് ഫോട്ടോകൾ ആൽബത്തിലാക്കാൻ നോക്കിയപ്പോൾ ഈ ഫോട്ടോ ഒഴിവാക്കാനാണ് ഞാൻ സ്റ്റുഡിയോയിൽ പറഞ്ഞത്. അത്രയേറെ അസ്വസ്ഥത ആ സംഭവത്തിൽ അന്നുണ്ടായിരുന്നു. ജോളിയുമായുള്ള വിവാഹക്കാര്യത്തെക്കുറിച്ച് സിലിയുടെ സഹോദരനോട് സംസാരിച്ചപ്പോൾ അദ്ദേഹം അതിനെ പിന്തുണച്ചാണ് സംസാരിച്ചത്.

പ്രതിസന്ധി ഘട്ടത്തിൽ തന്നേയും മകനേയും തകർക്കുന്ന നിലപാടാണ് ജോളിയുടെ മകൻ റോമോ സ്വീകരിക്കുന്നതെന്നും ആരോപിച്ചു. തന്റെ സഹോദരന്റെ മരണത്തിൽ ഇത്ര വർഷം കഴിഞ്ഞു കേസ് കൊടുത്ത റോജോ അത് നേരത്തെ ചെയ്തിരുന്നുവെങ്കിൽ തന്റെ ഭാര്യയും മകളും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും ഷാജു പറഞ്ഞു.

സിലി മരിച്ചു പോകട്ടെയെന്ന് ഞാൻ പറഞ്ഞു എന്ന് റോമോ പറഞ്ഞതായി ചാനലിൽ സ്‌ക്രോൾ കണ്ടു. റോമോ അങ്ങനെ പറഞ്ഞെങ്കിൽ അവന് ഞാൻ നൽകിയ സ്‌നേഹത്തിനും കരുതലിനും എന്താണ് അർത്ഥം. അവന്റെ മാതാവ് ഇങ്ങനത്തെ അവസ്ഥയിലാണ്. എൻറെ മകനുണ്ടാവുന്ന മാനക്കേട് എന്താണ് എന്നോ അവന്റെ അവസ്ഥ എന്താണെന്നോ റോമോ ചിന്തിക്കുന്നുണ്ടോ. അവന്റെ അച്ഛന്റെ സ്ഥാനത്തുള്ള എന്നോടോ സഹോദരനോടോ അവന് ഈ സമയത്ത് കരിവാരി തേയ്‌ക്കേണ്ട കാര്യമെന്താണ്. ഇതൊന്നും ഞാനൊരിക്കലും പറയില്ലായിരുന്നു പക്ഷേ പറയേണ്ട ഗതികേടാണ് ഇപ്പോഴെന്നും ഷാജു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Exit mobile version