പശുക്കളെയും കാലികളേയും വളർത്താൻ ലൈസൻസ് നിർബന്ധം; നട്ടംതിരിഞ്ഞ് കർഷകർ

അഞ്ചു പശുക്കളെ വളർത്താനും ലൈസൻസ് വേണമെന്ന് സർക്കാർ നിർബന്ധം പിടിച്ചതോടെയാണ് ക്ഷീര കർഷകർ

തിരുവനന്തപുരം: കന്നുകാലികളേയും വളർത്തുമൃഗങ്ങളേയും വളർത്താൻ ലൈസൻസ് വേണമെന്ന ചട്ടം കർശനമാക്കിയതോടെ നട്ടം തിരിഞ്ഞ് കർഷകർ. അഞ്ചു പശുക്കളെ വളർത്താനും ലൈസൻസ് വേണമെന്ന് സർക്കാർ നിർബന്ധം പിടിച്ചതോടെയാണ് ക്ഷീര കർഷകർ പ്രതിസന്ധിയിലായിരിക്കുന്നത്.

അഞ്ചു പശുവുള്ളതിനാൽ ഫാം ആയി കണക്കാക്കുമെന്നും ലൈസൻസ് വേണമെന്നും ആവശ്യപ്പെട്ട് 1700 കർഷകർക്കാണ് നോട്ടീസ് നൽകിയത്. മുട്ടയ്ക്കും ഇറച്ചിക്കും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സംസ്ഥാനം പഴയ ചട്ടം പൊടിതട്ടിയെടുക്കണോ എന്നാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്ന ചോദ്യം. 2012 ലെ പഞ്ചായത്ത് രാജ് ഫാം ലൈസൻസ് ചട്ടത്തിലാണ് ഈ നിർദേശങ്ങളുള്ളത്. യുഡിഎഫ് സർക്കാരിന്റെ കാലത്തെ ഫയൽ തദ്ദേശവകുപ്പ് പൊടിതട്ടിയെടുക്കുന്നത് കർഷകർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് ആക്ഷേപം.

അഞ്ചു പശുക്കളെയോ, ഇരുപത് ആടുകളെയോ വളർത്തിയാലും ഫാം എന്ന ഗണത്തിൽപ്പെടും. ഇതൊക്കെ അസഹ്യവും ആപൽക്കരവുമായ പ്രവൃത്തിയായതിനാൽ തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് ലൈസൻസ് ഇല്ലാതെ മൃഗങ്ങളെയൊന്നും വളർത്താനാകില്ലെന്നാണ് ചട്ടത്തിലുളളത്.

Exit mobile version