കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിക്ക് മാറ്റമില്ല; ഇന്ന് നാനൂറോളം സര്‍വീസുകള്‍ മുടങ്ങിയേക്കുമെന്ന് സൂചന

താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ഇന്ന് നാനൂറോളം സര്‍വീസുകള്‍ മുടങ്ങിയേക്കുമെന്നാണ് സൂചന

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിക്ക് മാറ്റമില്ല. താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ഇന്ന് നാനൂറോളം സര്‍വീസുകള്‍ മുടങ്ങിയേക്കുമെന്നാണ് സൂചന. ഇന്ന് കെഎസ്ആര്‍ടിസിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലിക്ക് കയറിയത് ഒരുവിഭാഗം ഡ്രൈവര്‍മാര്‍ മാത്രമാണ്.

ഡ്രൈവര്‍മാര്‍ ഇല്ലാത്തതിനാല്‍ ഓരോ ഡിപ്പോയിലും പത്ത് സര്‍വീസുകള്‍ വരെ മുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഇന്നലെ എഴുന്നൂറോളം സര്‍വീസുകളാണ് മുടങ്ങിയതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. ഈ പ്രതിസന്ധി മറികടക്കാന്‍ വേണ്ടിയാണ് കെഎസ്ആര്‍ടിസി ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ നിയമിച്ച് സര്‍വീസ് നടത്താന്‍ തീരുമാനിച്ചത്.

എന്നാല്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് ഡ്രൈവര്‍മാര്‍ താല്‍പര്യം കാണിക്കുന്നില്ലെന്നാണ് വിവരം. സര്‍വീസുകള്‍ മുടങ്ങിയത് കാരണം കെഎസ്ആര്‍ടിസിക്ക് മൂന്ന് കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അതിനിടെ ശമ്പള വിതരണം വൈകിയതില്‍ ജീവനക്കാരുടെ പ്രതിഷേധം ശക്തമാവുകയാണ്. ഇതിനെതിരെ ജീവനക്കാരുടെ നേതൃത്വത്തില്‍ ഇന്ന് എല്ലാ ജില്ലാകേന്ദ്രങ്ങളില്‍ പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിക്കുന്നുണ്ട്.

Exit mobile version