ടിവി പൊട്ടിത്തെറിച്ച് തീപിടിത്തം; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അഞ്ചാം വാര്‍ഡില്‍ പാട്ടുപറമ്പില്‍ സുരേഷ് ബാബുലാലിന്റെ വീട്ടിലാണ് അപകടമുണ്ടായത്

കൊച്ചി: വീട്ടിലെ ടിവി പൊട്ടിത്തെറിച്ച് തീപിടിച്ചു, വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മരട് തുരുത്തി ക്ഷേത്രത്തിന് സമീപമാണ് സംഭവം. അഞ്ചാം വാര്‍ഡില്‍ പാട്ടുപറമ്പില്‍ സുരേഷ് ബാബുലാലിന്റെ വീട്ടിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ ആളപായമില്ല.

വ്യാഴാഴ്ച 12 മണിയോടെയാണ് തീപിടുത്തമുണ്ടായത്. മൂന്നുനിലയുള്ള വീടിന്റെ മുകളിലത്തെ നിലയില്‍ നഗരസഭാ അങ്കണവാടി പ്രവര്‍ത്തിക്കുന്നുണ്ട്. താഴത്തെ നിലയിലായിരുന്നു തീ പടര്‍ന്നത്. സംഭവത്തില്‍ വീട്ടിലെ ടിവിയും മേശയും പൂര്‍ണ്ണമായും കത്തിനശിച്ചു.

വീട്ടുകാരുടെ നിലവിളി കേട്ടും തീ ആളിപ്പടരുന്നതും കണ്ട് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഓടിയെത്തിയതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു. ഇവര്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ടെലിവിഷനിലേക്കുള്ള ‘സെറ്റ് ടോപ്പ് ബോക്‌സി’ല്‍ നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ആയതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version