ഗുരുവായൂരപ്പന് തുലാഭാരം നല്‍കിയ കശുവണ്ടി മോഷണം പോയ സംഭവം; ദേവസ്വം പോലീസില്‍ പരാതി നല്‍കി

ഞായാറാഴ്ച ആണ് എട്ടു കിലോ ഭാരമുള്ള കുട്ടിക്ക് തുലാഭാരം നടത്തിയ മേല്‍ത്തരം കശുവണ്ടി കാണാതെ പോയത്

ഗുരുവായൂര്‍: ഗുരുവായൂരപ്പന് തുലാഭാരം നല്‍കിയ കശുവണ്ടി മോഷണം പോയ സംഭവത്തില്‍ ദേവസ്വം പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി ഇന്ന് കേസ് എടുക്കുമെന്ന് ഗുരുവായൂര്‍ ടെമ്പിള്‍ സിഐ സി പ്രേമാനന്ദ കൃഷ്ണ അറിയിച്ചു.

ഞായാറാഴ്ച ആണ് എട്ടു കിലോ ഭാരമുള്ള കുട്ടിക്ക് തുലാഭാരം നടത്തിയ മേല്‍ത്തരം കശുവണ്ടി കാണാതെ പോയത്. തുലാഭാരം കഴിഞ്ഞ് സ്റ്റോക്ക് നോക്കുമ്പോഴാണ് കശുവണ്ടി കാണാനില്ലെന്ന കാര്യം കൗണ്ടറിലെ ക്ലര്‍ക്കിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ ദേവസ്വം ഭരണസമിതിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇത് അനുസരിച്ച് ദേവസ്വം ചെയര്‍മാന്‍ അന്വേഷണത്തിന് ഉത്തരവ് ഇടുകയും ചെയ്തിരുന്നു.

ക്ഷേത്രത്തിനകത്ത് സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുള്ളതിനാല്‍ അത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്. 19 ലക്ഷം രൂപ ദേവസ്വത്തില്‍ അടച്ച് പുറത്തു നിന്നുള്ള കരാറുകാരാണ് ഗുരുവായൂരില്‍ തുലാഭാരം നടത്തി വരുന്നത്. ഇതിനെതിരെ വിവിധ ഭക്തജന സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തു വന്നിരുന്നു. ഇതിന് ഇടയിലാണ് ഇപ്പോള്‍ കശുവണ്ടി മോഷണം നടന്നിരിക്കുന്നത്.

Exit mobile version