ഓൺലൈനിലൂടെ സ്വന്തമാക്കാം ഗദ്ദികയുടെ പരമ്പരാഗത ഉൽപന്നങ്ങളും വനവിഭവങ്ങളും

ആദിവാസി സംരംഭകരുടെ ഉൽപന്നങ്ങൾ മാത്രമല്ല, പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള സംരംഭകരുടേയും ഉൽപ്പന്നങ്ങൾ ഗദ്ദിക ബ്രാൻഡിൽ ഓൺലൈൻ വിപണിയിൽ ലഭ്യമാണ്.

തിരുവനന്തപുരം: സർക്കാരിന്റെ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാരായ സംരംഭകർക്ക് പിന്തുണയേകുന്ന ഗദ്ദിക പദ്ധതിയിലെ ഉത്പന്നങ്ങൾക്ക് ആവശ്യക്കാരേറുന്നു. കേരളത്തിന്റെ പാരമ്പരാഗത ഉൽപന്നങ്ങളും വന വിഭവങ്ങളും ആമസോണിലൂടെ ലഭ്യമാക്കുന്ന പദ്ധതിയാണ് ഗദ്ദിക. ലോകത്തെവിടെ നിന്നും കേരളത്തിന്റെ പരമ്പരാഗത ഉൽപന്നങ്ങൾ വാങ്ങാൻ ഈ പദ്ധതിയിലൂടെ സാധിക്കും. ആദിവാസി സംരംഭകരുടെ ഉൽപന്നങ്ങൾ മാത്രമല്ല, പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള സംരംഭകരുടേയും ഉൽപ്പന്നങ്ങൾ ഗദ്ദിക ബ്രാൻഡിൽ ഓൺലൈൻ വിപണിയിൽ ലഭ്യമാണ്.


പ്രകൃതിദത്തമായ വന വിഭവങ്ങൾക്കും പാരമ്പര്യ ഉൽപ്പന്നങ്ങൾക്കും ആവശ്യക്കാരാറെയാണെന്നും ലോക മാർക്കറ്റിൽ തന്നെ ഇതിന് വലിയ വിപണന സാധ്യതയുണ്ടെന്നും തിരിച്ചറിഞ്ഞ കേരള സർക്കാരാണ് പദ്ധതിക്ക് മുൻകൈയ്യെടുത്തിരിക്കുന്നത്. ലോകത്തെമ്പാടും വ്യാപിച്ചുകിടക്കുന്ന ഓൺലൈൻ മാർക്കറ്റിങ് സംവിധാനത്തെ ഇതിനായി ഉപയോഗപ്പെടുത്തി സർക്കാർ ശ്രമത്തിന്റെ ഫലമായാണ് ആമസോൺ എന്ന ആഗോള ഓൺലൈൻ മാർക്കറ്റിങ് കമ്പനിയുമായി സഹകരിച്ച് പദ്ധതി ആരംഭിച്ചത്.


പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാരുടെ സംരംഭങ്ങൾക്ക് കൂടുതൽ അവസരം ലഭ്യമാക്കാനാണ് ഉൽപന്നങ്ങൾ ബ്രാൻഡ് ചെയ്ത് ഓൺലൈൻ വഴി ലഭ്യമാക്കാൻ തീരുമാനിച്ചത്. പട്ടികജാതി-ആദിവാസി സംരംഭകരുടെ വിഭാഗത്തിലെ സംരംഭകരുടെ 50ഓളം ഉൽപ്പന്നങ്ങളാണ് ഓൺലൈനിൽ ലഭ്യമാക്കിയിട്ടുള്ളതെന്ന് പട്ടികജാതി ക്ഷേമവകുപ്പ് ഡറക്ടർ അലി അസ്ഗർ പാഷ അറിയിച്ചു.

നേരത്തെ, പട്ടികജാതി, പട്ടികവർഗ്ഗ വകുപ്പും കിർത്താഡ്സും ചേർന്ന് നടത്തുന്ന ഗദ്ദിക സാംസ്‌കാരികോത്സവവും ഉൽപ്പന്ന വിപണന മേളയും എൽഡിഎഫ് സർക്കാർ വിപുലീകരിച്ചിരുന്നു. അതിന്റെ ഭാഗമായി ഉൽപ്പന്നങ്ങളുടെ വിറ്റുവരവ് കോടിക്കണക്കിന് രൂപയിലേക്ക് എത്തുകയും ഗദ്ദിക വൻ വിജയമാവുകയും ചെയ്തു. ഇതോടെയാണ് ഇവയ്ക്ക് വലിയൊരു മാർക്കറ്റ് ഒരുക്കാൻ സർക്കാർ തീരുമാനിച്ചത്. ആമസോൺ കമ്പനിയുമായി ചേർന്ന് 200 ൽ അധികം ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്താനുള്ള ധാരണയിലായിട്ടുണ്ട്.


മാത്രമല്ല, ലോകപ്രശസ്തമായ വയനാടൻ മഞ്ഞൾ, കുരുമുളക് തുടങ്ങിയവയും ഭക്ഷ്യസുരക്ഷ ലൈസൻസ് ലഭിച്ചാലുടൻ ആമസോൺ വഴി ലഭ്യമാക്കുന്നുണ്ട്.

ആമസോണിൽ കയറി ഗദ്ദിക എന്ന് ടൈപ്പ് ചെയ്ത് സെർച്ച് കൊടുത്താൽ ആദിവാസി ഉൽപ്പന്നങ്ങളുടെ ലിസ്റ്റ് വരും. മുളയിൽ തീർത്ത പുട്ടുകുറ്റി, റാന്തൽ ലൈറ്റ്, ചിരട്ട പുട്ട് മേക്കർ, മുളയിൽതീർത്ത ജഗ്ഗും മഗ്ഗും, വാട്ടർ ബോട്ടിൽ, മുളകൊണ്ടുള്ള വിശറി, തേങ്ങകൊണ്ടുണ്ടാക്കിയ കൂജ, സ്ത്രീകളുടെ പേഴ്സ്, ബാഗ്, പാളത്തൊപ്പി എന്നിങ്ങനെ പാരമ്പര്യ ഉൽപ്പന്നങ്ങളുടെ വലിയ നിരതന്നെ ലഭ്യമാണ്. മുള, ചിരട്ട, വനത്തിലെ ഈടുറ്റ തടികൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ചവയാണ് എല്ലാം.

ലോകം മുഴുവൻ ഒറ്റ ക്ലിക്കിൽ വ്യാപാരം ചെയ്യാൻ സാധിക്കുന്ന ഓൺലൈൻ വിപണിയുടെ സാധ്യത സംസ്ഥാനത്തെ പട്ടികജാതി, പട്ടികവർഗ്ഗ സംരംഭകർക്ക് പുതിയ വെളിച്ചമേകുന്നതണ്. അതുകൊണ്ട് തന്നെ ഇവരുടെ ഉൽപന്നങ്ങൾക്ക് ഓൺലൈൻ മാർക്കറ്റിൽ കൂടുതൽ അവസരങ്ങൾ നൽകാൻ സർക്കാർ എല്ലാവരുടേയും സഹകരണവും ക്ഷണിക്കുന്നുണ്ട്.

Exit mobile version