തെരുവ് നായ്ക്കള്‍ കടിപിടി കൂടുന്നത് കണ്ട് ആന വിരണ്ടോടി!

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആദിനാട് സുധീഷ് എന്ന ആനയാണ് നായ്ക്കളുടെ കടിപിടി കണ്ട് വിരണ്ടോടിയത്.

കോട്ടയം; തെരുവ് നായ്ക്കളുടെ കടിപിടി കണ്ട് ആന വിരണ്ടോടി. ഇതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആദിനാട് സുധീഷ് എന്ന ആനയാണ് നായ്ക്കളുടെ കടിപിടി കണ്ട് വിരണ്ടോടിയത്.

മുല്ലയ്ക്കല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനായാണ് ആനയെ എത്തിച്ചത്. ചുങ്കം ഭാഗത്ത് പട്ട എടുത്ത് വന്നതിനു ശേഷം ക്ഷേത്ര മുറ്റത്ത് നില്‍ക്കുന്നതിനിടെയാണ് ആന വിരണ്ടോടിയത്. ക്ഷേത്ര മുറ്റത്ത് എത്തിയ നായ്ക്കള്‍ കടിപിടി കൂടിയത് കണ്ട് പേടിച്ചതാണ് വിരണ്ടോടാന്‍ കാരണം. ഒരു മണിക്കൂറോളമാണ് ആന നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയത്. മണിക്കൂറോളം ഗതാഗത തടസ്സവുമുണ്ടാവുകയും ചെയ്തു.

റോഡിലേക്ക് ഓടിയിറങ്ങിയ ആന ചുങ്കം ഭാഗത്തേയ്ക്കാണ് ഓടിയത്. ചങ്ങല ഇല്ലാതിരുന്നതിനാല്‍ ആനയെ നിയന്ത്രിക്കാന്‍ പാപ്പാന്മാര്‍ പാടുപെട്ടു.

Exit mobile version