ബിഡിജെഎസ് എന്‍ഡിഎ വിടില്ല, ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളിലും താന്‍ പ്രചാരണത്തിന് എത്തും; തുഷാര്‍ വെള്ളാപ്പള്ളി

ബിജെപിയുടെ പ്രവര്‍ത്തന ശൈലിയില്‍ ബിഡിജെഎസിന് അതൃപ്തിയുണ്ടെന്നതു ശരിയാണ്. അതു ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും തുഷാര്‍ പറഞ്ഞു

കൊച്ചി: ബിഡിജെഎസിന്‌ മൂന്നു മുന്നണികളും ഒരുപോലെയാണെന്ന ടിവി ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ തന്റെ നിലപാട് വ്യക്തമാക്കി പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസ് എന്‍ഡിഎ വിടില്ലെന്നും ഉപതെരഞ്ഞെടുപ്പുകളില്‍ അഞ്ചു മണ്ഡലങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും തുഷാര്‍ പറഞ്ഞു.

മൂന്നു മുന്നണികളും ബിഡിജെഎസിന് ഒരുപോലെയാണെന്ന, പാര്‍ട്ടി വൈസ് പ്രസിഡന്റ് ടിവി ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇന്നലെ ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ നിലപാട് വ്യക്തമാക്കി തുഷാര്‍ രംഗത്തെത്തിയത്.”ബിഡിജെഎസ് എന്‍ഡിഎയില്‍ ഉറച്ചുനില്‍ക്കും. ബിജെപിയുടെ പ്രവര്‍ത്തന ശൈലിയില്‍ ബിഡിജെഎസിന് അതൃപ്തിയുണ്ടെന്നതു ശരിയാണ്. അതു ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും തുഷാര്‍ പറഞ്ഞു.

മുന്നണി ശക്തിപ്പെടുത്താനായി കേരള എന്‍ഡിഎയില്‍ സമഗ്രമായ ഒരു അഴിച്ചുപണി വേണം. എന്‍ഡിഎയെ ശക്തിപ്പെടുത്താന്‍ ബിഡിജെഎസ് പ്രവര്‍ത്തകര്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അത് മാനിക്കപ്പെടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പദവികളൊന്നും താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളിലും താന്‍ പ്രചാരണത്തിന് എത്തുമെന്നും തുഷാര്‍ പ്രതികരിച്ചു. അരൂരിലും കോന്നിയിലും ബിഡിജെഎസിന് ശക്തമായ സാന്നിധ്യമുള്ളത് ബിജെപി സ്ഥാനാര്‍ഥിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.

Exit mobile version