മകനെ ശരീരത്തോട് ചേര്‍ത്ത് കെട്ടി യുവതി പുഴയില്‍ ചാടി; ശക്തമായ ഒഴുക്കില്‍ നിന്നും ഇരുവരെയും സാഹസികമായി രക്ഷപ്പെടുത്തി യുവാക്കള്‍! കൈയ്യടി

കരമനയാറിലെ മങ്കാട്ട് കടവ് പമ്പ് ഹൗസിന് സമീപം ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്.

തിരുവനന്തപുരം: മകനെ ശരീരത്തോട് ചേര്‍ത്ത് കെട്ടി ആറ്റില്‍ ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി യുവാക്കള്‍. കരമനയാറിലെ മങ്കാട്ട് കടവ് പമ്പ് ഹൗസിന് സമീപം ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്.

പമ്പ് ഹൗസ് ജീവനക്കാരായ പ്രിയനും സജിത്തും സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടയിലാണ് ഒരു കുട്ടി ആറ്റിലൂടെ ഒഴുകി വരുന്നത് കണ്ടത്. പെട്ടെന്ന് തന്നെ പ്രിയന്റെ സുഹൃത്ത് അനിക്കുട്ടന്‍ ആറ്റില്‍ ചാടി കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് കുട്ടിക്കൊപ്പം യുവതിയുള്ളത് തിരിച്ചറിഞ്ഞത്.

ഒഴുക്ക് ശക്തമായതിനാല്‍ ഇരുവരേയും ഒന്നിച്ച് കരക്കെത്തിക്കാന്‍ ബുദ്ധുമുട്ടായിരുന്നു.
ഇതോടെ കുട്ടിയെ യുവതിയുടെ ശരീരവുമായി കെട്ടിയിരുന്നത് അഴിക്കാന്‍ ശ്രമിച്ചെങ്കിലും അതും ഫലം കണ്ടില്ല. പിന്നീട് പമ്പ് ഹൗസ് ജീവനക്കാരനായ പ്രിയനും സജിത്തും സുഹൃത്തുക്കളായ സജിയും അഭിലാഷും കൂടി നീന്തിയെത്തിയാണ് ഇരുവരേയും രക്ഷപ്പെടുത്തിയത്.

കുട്ടിയെ കരക്ക് എത്തിക്കുമ്പോള്‍ ബോധമുണ്ടായിരുന്നു. എന്നാല്‍ യുവതി പ്രാഥമിക ചികിത്സയ്ക്ക് ശേഷമാണ് ബോധം വീണ്ടെടുത്തത്. മലയിന്‍കീഴ് പോലീസെത്തി ഇരുവരേയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീടുള്ള അന്വേഷണത്തിലാണ് ഇവര്‍ അമ്മയും മകനുമാണെന്ന് തിരിച്ചറിയുന്നത്. പമ്പ് ഹൗസില്‍ നിന്നും ഏറെ അകലെ അല്ലാത്ത ആറാട്ടു കടവില്‍ വച്ചാണ് യുവതി മകനെയും കൊണ്ടു ആറ്റില്‍ ചാടിയതെന്നാണ് സംശയം. ഈ പരിസരത്ത് നിന്ന് യുവതിയുടെ സ്‌കൂട്ടര്‍ കണ്ടെത്തിയിട്ടുണ്ട്. ധരിച്ചിരുന്ന ചുരിദാറിന്റെ ഷാള്‍ കൊണ്ടാണ് യുവതി കുട്ടിയെ വയറിനോട് ചേര്‍ത്ത് കെട്ടിയിരുന്നത്.

അതേസമയം, തിങ്കളാഴ്ച രാത്രി ശക്തമായ മഴ പെയ്തതിനാല്‍ പേപ്പാറ ഡാം തുറന്നിരുന്നു. ഇതോടെ കരമനയാറ്റില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം നിലനില്‍ക്കെയാണ് ഇതൊന്നും വകവയ്ക്കാതെ സുഹൃത്തുക്കളായ പ്രിയന്‍, സജി, അനിക്കുട്ടന്‍, അഭിലാഷ്, സജിത്ത് എന്നിവര്‍ യുവതിയെയും കുഞ്ഞിനെയും അതി സാഹസികമായി രക്ഷപ്പെടുത്തിയത്.

Exit mobile version