ജിഷ്ണു പ്രണോയിയുടേത് ആത്മഹത്യ: കൃഷ്ണദാസിനെ കുറ്റവിമുക്തനാക്കി സിബിഐ കുറ്റപത്രം

കൊച്ചി:പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം ആത്മഹത്യയെന്ന് സിബിഐ. നെഹ്റു കോളജ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ കുറ്റവിമുക്തനാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് ജിഷ്ണുവിന്റെ കുടുംബത്തിന്റെ തീരുമാനം.

ആദ്യം ലോക്കല്‍ പോലീസും പിന്നെ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് സിബിഐ അന്വേഷണത്തിലേക്ക് നീങ്ങിയത്. തുടക്കത്തില്‍ അഞ്ച് പ്രതികളുണ്ടായിരുന്നുവെങ്കില്‍ സിബിഐ കുറ്റപത്രം വരുമ്പോള്‍ അത് രണ്ടായി ചുരുങ്ങി. വൈസ് പ്രിന്‍സിപ്പാള്‍ എന്‍ ശക്തിവേല്‍ ഇന്‍വിജിലേറ്റര്‍ സിപി പ്രവീണ്‍ എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയിരിക്കുന്നത്.

കോപ്പിയടി ആരോപണമാണ് ജിഷ്ണുവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നും കോപ്പിയടിച്ചെന്ന് നിര്‍ബന്ധപൂര്‍വ്വം എഴുതി വാങ്ങിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകവും സംഭവത്തില്‍ നെഹ്റു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിനുള്ള പങ്കും തെളിയിക്കാന്‍ സാധിച്ചില്ലെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. കൃഷ്ണദാസിനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ ജിഷ്ണുവിന്റെ കുടുംബം രംഗത്തെത്തി.

2017 ജനുവരി ആറിനു വൈകുന്നേരമാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിയ നിലയില്‍ ജിഷ്ണുവിനെ കണ്ടെത്തുന്നത്. വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷപ്പെടുത്താനായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കോളജിലെ ഇടിമുറിയും രക്തക്കറയും ദുരൂഹതകളുണ്ടാക്കുന്നതായിരുന്നു.

Exit mobile version