ആനക്കൊമ്പ് കൈവശം വെച്ച കേസിൽ മോഹൻലാൽ ഒന്നാം പ്രതി; മലക്കം മറിഞ്ഞ് വനംവകുപ്പ് ഹൈക്കോടതിയിൽ

മോഹൻലാലിന്റെ കൊച്ചിയിലെ തേവരയിലുള്ള വീട്ടിൽ നിന്നാണ് ആദായവകുപ്പ് റെയ്ഡിനിടെ നാല് ആനക്കൊമ്പ് പിടിച്ചെടുത്തതെന്നും

കൊച്ചി: ആനക്കൊമ്പ് കൈവശംവച്ച കേസിൽ മോഹൻലാൽ ഒന്നാം പ്രതിയെന്ന് വനംവകുപ്പ് ഹൈക്കോടതിയിൽ. കേസിൽ ഏഴു വർഷത്തിനു ശേഷംഇക്കഴിഞ്ഞ 16 ന് മോഹൻലാലിനെ പ്രതിയാക്കി വനംവകുപ്പ് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. 2012 ൽ വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസ് നീണ്ടുപോകുന്നതിനെതിരെ ഹൈക്കോടതി നേരത്തെ വിമർശനം ഉന്നയിച്ചതിനെ തുടർന്നാണ് മജിസ്ട്രേറ്റ് കോടതിയിലും തുടർന്ന് ഹൈക്കോടതിയിലും തിടുക്കത്തിൽ വനം വകുപ്പ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

മോഹൻലാലിന്റെ കൊച്ചിയിലെ തേവരയിലുള്ള വീട്ടിൽ നിന്നാണ് ആദായവകുപ്പ് റെയ്ഡിനിടെ നാല് ആനക്കൊമ്പ് പിടിച്ചെടുത്തതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ആനക്കൊമ്പ് കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതും വന്യജീവി സംരക്ഷണനിയമപ്രകാരം കുറ്റകരമാണെന്നു കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. കേസ് എന്തുകൊണ്ടു തീർപ്പാക്കുന്നില്ലെന്നു മൂന്നാഴ്ചയ്ക്കകം അറിയിക്കാൻ മജിസ്ട്രേറ്റ് കോടതിയോടു ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വനംവകുപ്പിന്റെ നടപടി.

നാലു പ്രതികളുള്ള കേസിൽ മോഹൻലാൽ ഒന്നാം പ്രതിയും, തൃശൂർ ഒല്ലൂർ സ്വദേശി പിഎൻ കൃഷ്ണ കുമാർ രണ്ടാം പ്രതി, തൃപ്പൂണിത്തുറ എരൂർ സ്വദേശി കെ കൃഷ്ണകുമാർ മൂന്നാം പ്രതിയും ചെന്നൈ പെനിൻസുല ഹൈറോഡിൽ താമസിക്കുന്ന നളിനി രാധാകൃഷ്ണൻ നാലാം പ്രതിയുമാണ്. മോഹൻലാലിനെ പിന്തുണച്ച് ഹൈക്കോടതിയിലടക്കം മൂന്നുവട്ടം റിപ്പോർട്ട് നൽകിയശേഷമാണു വനംവകുപ്പിന്റെ മലക്കംമറിച്ചിൽ. വന്യമൃഗസംരക്ഷണനിയമത്തിലെ വകുപ്പുകൾ ഈ കേസിൽ ബാധകമല്ലെന്നായിരുന്നു വനംവകുപ്പിന്റെ ആദ്യനിലപാട്. ഹർജിക്കാരന്റെ ലക്ഷ്യം പ്രശസ്തി മാത്രമാണെന്നും ഫോറസ്റ്റ് ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ ഹൈക്കോടതിയിൽ വാദിച്ചിരുന്നു.

കെ കൃഷ്ണകുമാറിന്റെ കൃഷ്ണൻകുട്ടി എന്ന ആന ചരിഞ്ഞപ്പോൾ എടുത്ത കൊമ്പാണിതെന്നും വനംവകുപ്പ് കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് ഇല്ലാത്ത മോഹൻലാൽ മറ്റു രണ്ടുപേരുടെ ലൈസൻസിലാണ് ആനക്കൊമ്പുകൾ സൂക്ഷിച്ചതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.

Exit mobile version