സസ്‌പെൻഷനിൽ കഴിയുന്ന ഡിജിപി ജേക്കബ് തോമസിന് വീണ്ടും നിയമനം; സർക്കാർ തീരുമാനിച്ചു

തന്റെ സീനിയോറിറ്റിയും കേഡർ റൂൾസും അനുസരിച്ചുള്ള നിയമനമാണ് നൽകുന്നതെങ്കിൽ പരിഗണിക്കാമെന്നായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം

തിരുവനന്തപുരം: നീണ്ട നാളായി സസ്പെൻഷനിൽ കഴിയുന്ന ഡിജിപി ജേക്കബ് തോമസിന് വീണ്ടും നിയമനം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം. സ്റ്റീൽ ആന്റ് മെറ്റൽ ഇൻഡസ്ട്രീസ് എംഡിയായി പുതിയ നിയമനം നൽകാനാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. തിങ്കളാഴ്ച ഉച്ചയോടെ നിയമന ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു.

സംസ്ഥാന സർക്കാർ മൂന്നുവട്ടം സസ്പെന്റ് ചെയ്ത ഡിജിപി ജേക്കബ് തോമസിനെ അടിയന്തരമായി സർവീസിൽ തിരിച്ചെടുക്കാൻ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ജൂലൈയിൽ ഉത്തരവിട്ടിരുന്നു. എന്നാൽ ട്രിബ്യൂണൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടും അദ്ദേഹത്തിന്റെ നിയമനം വൈകിയത് വിവാദമായിരുന്നു. ഇതിനിടെ തന്റെ സീനിയോറിറ്റിയും കേഡർ റൂൾസും അനുസരിച്ചുള്ള നിയമനമാണ് നൽകുന്നതെങ്കിൽ പരിഗണിക്കാമെന്നായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം.

പോലീസിൽ ഒഴിവില്ലെങ്കിൽ തത്തുല്യമായ തസ്തികയിൽ നിയമിക്കണമെന്നായിരുന്നു ട്രിബ്യൂണലിന്റെ നിർദേശം. ഇതനുസരിച്ചാണ് വ്യവസായ വകുപ്പിന് കീഴിലെ ഷൊർണ്ണൂരിലെ സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് എംഡിയായി ജേക്കബ് തോമസിനെ നിയമിച്ചിരിക്കുന്നത്.

ഓവർസീസ് കേരളൈറ്റ്സ് ഇൻവസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡ് എംഡിയായി ഡോ. ബൈജു ജോർജിനെ ഒരു വർഷത്തേക്ക് നിയമിക്കാനും തിങ്കളാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തു.

Exit mobile version