മോഹൻരാജിനെ അംഗീകരിക്കാതെ ഇടഞ്ഞ് അടൂർ പ്രകാശ്; കൺവെൻഷന് എത്തിയേക്കില്ല; മുല്ലപ്പള്ളി കോന്നിയിലേക്ക്

അടൂർ പ്രകാശ് ആദ്യ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന് തന്നെ വിട്ടുനിൽക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് നേതൃത്വത്തിന്റെ തീവ്രശ്രമം.

കോന്നി: താൻ നിർദേശിച്ച സ്ഥാനാർത്ഥി റോബിൻ പീറ്ററിനെ തഴഞ്ഞ് കോന്നിയിൽ പി മോഹൻരാജിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച സംഭവത്തിൽ ഇടഞ്ഞ് അടൂർ പ്രകാശ്. ഇതോടെ സമവായ ശ്രമങ്ങളുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കോന്നിയിലേക്കെത്തും. ഇന്ന് കോന്നിയിൽ നടക്കുന്ന മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ മുല്ലപ്പള്ളിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുക്കും. അതേസമയം, മണ്ഡലത്തിലെ മുൻ എംഎൽഎയായ അടൂർ പ്രകാശ് ആദ്യ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന് തന്നെ വിട്ടുനിൽക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് നേതൃത്വത്തിന്റെ തീവ്രശ്രമം.

പത്തനംതിട്ടയിലെ കോൺഗ്രസിലെ അപസ്വരങ്ങൾ അവസാനിപ്പിക്കാൻ പ്രമാടം പഞ്ചായത്ത് പ്രസിഡന്റായ റോബിൻ പീറ്ററിന് ഇന്നലെ കെപിസിസി പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് പദവി നൽകിയിരുന്നു. എന്നാൽ ഇതുകൊണ്ടും അടൂർ പ്രകാശ് വഴങ്ങിയില്ല. കൺവെൻഷന് വരില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് അദ്ദേഹം. ഇതിനിടെ, ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അനാവശ്യ പരാമർശം നടത്തിയെന്ന് അടൂർ പ്രകാശ് സംസ്ഥാനനേതൃത്വത്തോട് പരാതിപ്പെട്ടു.

കോന്നിയിൽ ഈഴവസ്ഥാനാർത്ഥി തന്നെ വരണമെന്നതായിരുന്നു ബാബു ജോർജിന്റെ നിലപാട്. കാര്യങ്ങൾ മനസ്സിലാക്കാതെയാണ് അടൂർപ്രകാശ് സംസാരിക്കുന്നതെന്നു ബാബു ജോർജ് കുറ്റപ്പെടുത്തി. എന്നാൽ പത്തനംതിട്ട ഡിസിസിയുമായി ഏറെക്കാലമായി ഭിന്നത പുലർത്തുന്ന അടൂർപ്രകാശിന് ഇതിൽ കടുത്ത എതിർപ്പായിരുന്നു. ഇതിനിടെ, സംസ്ഥാനനേതൃത്വം തന്റെ നോമിനിയെ വെട്ടിയെന്നതിലാണ് അടൂർ പ്രകാശിന് അമർഷം.

Exit mobile version