സോഷ്യല്‍മീഡിയ ചാരിറ്റിയുടെ അന്ത്യം അടുത്തിരിക്കുന്നു; കുറിപ്പുമായി ഫിറോസ് കുന്നംപറമ്പില്‍

നിങ്ങള്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് എന്നെയും കൂട്ടിചേര്‍ത്ത് പലരും വായിക്കുമ്പോള്‍ ഒരുപാട് വിഷമം തോന്നാറുണ്ടെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു.

കോഴിക്കോട്: സോഷ്യല്‍മീഡിയാ ചാരിറ്റിയുടെ അന്ത്യം അടുത്തിരിക്കുന്നുവെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തുറന്ന് പറഞ്ഞത്. പലതും കേള്‍ക്കുമ്പോള്‍ ഒരുപാട് ദുഖം തോന്നാറുണ്ടെന്ന് അദ്ദേഹം പറയുന്നു. അങ്ങനെ കേള്‍ക്കുമ്പോള്‍ പലപ്പോഴും എല്ലാം അവസാനിപ്പിച്ചാലോ എന്ന് മനസ് പറയുന്നുണ്ടെന്നും ഫിറോസ് കുറിച്ചു.

‘മറ്റുള്ളവന്റെ പട്ടിണിയും രോഗവും വേദനയും സങ്കടവും വിറ്റ് കാശാക്കുന്ന രീതിയിലേക്ക് ചാരിറ്റി മാറിയിരിക്കുന്നു. ഇവിടെ നടക്കുന്നത് വീതംവയ്പ്പാണ് ആരുടെയൊക്കെയോ വിയര്‍പ്പിന്റെ ഉപ്പ് രസമുള്ള നോട്ടുകള്‍ അത് ഉമിതീര് തൊട്ടെണ്ണി നിങ്ങള്‍ വീതിച്ച് കൊണ്ടു പോകുമ്പോള്‍ നിങ്ങള്‍ ഈ സമൂഹത്തിന് നല്‍കുന്ന മെസ്സേജ് ഉണ്ട്. ‘ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങള്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് എന്നെയും കൂട്ടിചേര്‍ത്ത് പലരും വായിക്കുമ്പോള്‍ ഒരുപാട് വിഷമം തോന്നാറുണ്ടെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു. ഒരിക്കലും ഇത്തരം പ്രവര്‍ത്തികള്‍ക്ക് ഞാന്‍ സപ്പോര്‍ട്ട് ചെയ്യാറില്ല. ദയവ് ചെയ്ത് എന്റെ പേരും എന്റെ ഫോട്ടോസും വച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ ചെയ്യരുതെന്നും ഫിറോസ് കുന്നംപറമ്പില്‍ അപേക്ഷിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

സോഷ്യല്‍മീഡിയാ ചാരിറ്റിയുടെ അന്ത്യം അടുത്തിരിക്കുന്നു…………
പലതും കേള്‍ക്കുമ്പോള്‍ ഒരുപാട് ദുഖം തോന്നാറുണ്ട്. മനസ്സ് പറയും ഇത് നിര്‍ത്തിക്കോ നിന്റെ നന്മയ്ക്ക് ഇവിടെ ഒരു വിലയുമില്ല എന്നൊക്കെ.ആ സമയത്ത് എന്നെ വിളിക്കുന്നവരോടും ഞാന്‍ പറയും നാനിതൊക്കെ നിര്‍ത്തുകാണ് എനിക്കാവില്ല നിങ്ങള്‍ വേറെ ആരെയെങ്കിലും സമീപിക്കാന്‍.

പക്ഷെ ജീവനു വേണ്ടി കേഴുന്ന ആ പാവങ്ങളുടെ കരച്ചിലാണ് എന്നെ വീണ്ടും ഇവിടെ പിടിച്ച് നിര്‍ത്തുന്നത്. എനിക്ക് ചുറ്റും ഒരു പാട് നല്ല മനുഷ്യരുണ്ട് സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും ചാരിറ്റി നടത്തുന്ന നല്ലവരായ സുഹൃത്തുക്കള്‍ എന്നാല്‍ കുറച്ച് മാസങ്ങളായി നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങള്‍ അത് സ്നേഹിക്കാനും ചേര്‍ത്ത് പിടിക്കാനും മാത്രം അറിയാവുന്ന ഈ നന്മ മനസ്സുകളെ പൊതു സമൂഹത്തില്‍ കളങ്കിതരാക്കി തലകുനിച്ച് നിര്‍ത്തിക്കും.

മറ്റുള്ളവന്റെ പട്ടിണിയും രോഗവും വേദനയും സങ്കടവും വിറ്റ് കാശാക്കുന്ന രീതിയിലേക്ക് ചാരിറ്റി മാറിയിരിക്കുന്നു. ഇവിടെ നടക്കുന്നത് വീതംവയ്പ്പാണ് ആരുടെയൊക്കെയോ വിയര്‍പ്പിന്റെ ഉപ്പ് രസമുള്ള നോട്ടുകള്‍ അത് ഉമിതീര് തൊട്ടെണ്ണി നിങ്ങള്‍ വീതിച്ച് കൊണ്ടു പോകുമ്പോള്‍ നിങ്ങള്‍ ഈ സമൂഹത്തിന് നല്‍കുന്ന മെസ്സേജ് ഉണ്ട്.

നാളെ ദാഹിക്കുന്നവന് വെള്ളം കൊടുക്കാന്‍ പലരും മടിക്കും,വേദന കൊണ്ട് നീട്ടുന്ന കൈകള്‍ക്ക് നേരെ പലരും മുഖം തിരിക്കും,നന്മ ചെയ്യുന്നവരെ യൊക്കെ വെറുപ്പിന്റെ കണ്ണുകളിലൂടെ പലരും നോക്കിക്കാണും,പരസ്പരം സ്നേഹവും വിശ്വാസവും നഷ്ടപ്പെടും, നശിപ്പിക്കരുത് നിങ്ങളീ നന്മയുടെ പ്രവര്‍ത്തനത്തെ ഇല്ലാതാക്കരുത് എത്രയോ പാവങ്ങള്‍ക്ക് തണലായി മാറിയവരാണ് നമ്മള്‍. ഇനിയുമെത്രയേ മനുഷ്യര്‍ നമ്മളെ തേടി അലയുന്നു.അവര്‍ക്ക് വേണ്ടിയെങ്കിലും ഈ നന്മയെ നിങ്ങള്‍ ബാക്കിവയ്ക്കണം……..

നിങ്ങള്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് എന്നെയും കൂട്ടിചേര്‍ത്ത് പലരും വായിക്കുമ്പോള്‍ ഒരുപാട് വിഷമം തോന്നാറുണ്ട്. ഒരിക്കലും ഇത്തരം പ്രവര്‍ത്തികള്‍ക്ക് ഞാന്‍ സപ്പോര്‍ട്ട് ചെയ്യാറില്ല. ദയവ് ചെയ്ത് എന്റെ പേരും എന്റെ ഫോട്ടോസും വച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ ചെയ്യരുത്.

ഇത് എന്റൊരപേക്ഷയാണ്

Exit mobile version