മരടിൽ ഫ്‌ളാറ്റുടമയുടെ നിരാഹാര സമരം; ബലംപ്രയോഗിച്ച് ഒഴിപ്പിക്കേണ്ടെന്ന് തീരുമാനം; നാല് ദിവസത്തേക്ക് ജലവും വൈദ്യുതിയും പുനഃസ്ഥാപിക്കും

ഇതോടെ ഹോളി ഫെയ്ത്ത് ഫ്‌ളാറ്റിനുമുന്നിൽ മറ്റുള്ളവരും പ്രതിഷേധിച്ച് നിരാഹാര സമരത്തിന് ഐക്യദാർഢ്യവുമായി എത്തി തുടങ്ങി.

കൊച്ചി: മരടിലെ അനധികൃത ഫ്‌ളാറ്റുകൾ പൊളിക്കാൻ സർക്കാർ സജ്ജം. ഫ്‌ളാറ്റുകളിലെ താമസക്കാരെ ഒഴിപ്പിക്കുന്നതിനും സാധനസാമഗ്രികൾ മാറ്റുന്നതിനും സർക്കാർ സഹായം നൽകി തുടങ്ങി. നിരവധി കുടുംബങ്ങൾ ഒഴിയാൻ തയ്യാറായെങ്കിലും ചില ഫ്‌ളാറ്റുടമകൾ താൽക്കാലിക നഷ്ടപരിഹാരം ലഭിക്കാതെ ഒഴിയില്ലെന്ന നിലപാടിൽ പ്രതിഷേധത്തിൽ തുടരുകയാണ്.

ഇതിനിടെ, ഫ്‌ളാറ്റുകൾ ഒഴിപ്പിക്കുന്നതിനെതിരെ ഫ്‌ളാറ്റ് ഉടമ ജയകുമാർ നിരാഹാര സമരം ആരംഭിച്ചു. ഇതോടെ ഹോളി ഫെയ്ത്ത് ഫ്‌ളാറ്റിനുമുന്നിൽ മറ്റുള്ളവരും പ്രതിഷേധിച്ച് നിരാഹാര സമരത്തിന് ഐക്യദാർഢ്യവുമായി എത്തി തുടങ്ങി. ഒഴിയാൻ മതിയായ സമയം ലഭിച്ചില്ലെന്നാണ് ഉടമകളുടെ പരാതി. ഒപ്പം താത്കാലിക നഷ്ടപരിഹാരം ഒഴിയുന്നതിനു മുമ്പ് ലഭിക്കണമെന്നും സമരക്കാർ പറയുന്നു. ഒഴിപ്പിക്കൽ നടപടിക്കൊപ്പം തന്നെ ഫ്‌ളാറ്റ് പൊളിക്കാനുള്ള മുന്നൊരുക്കങ്ങളും സർക്കാർ പൂർത്തീകരിക്കുന്നുണ്ട്.

ഒക്ടോബർ മൂന്നിനകം ഫ്‌ളാറ്റുടമകൾ സ്വയം ഒഴിയണമെന്ന് സബ്കളക്ടർ സ്‌നേഹിൽ കുമാർ പറഞ്ഞു. ഒഴിയുന്നവർക്കു താമസിക്കാൻ ഫ്‌ളാറ്റുകളും വീടുകളും കണ്ടെത്തി നൽകും. വീട്ടുപകരണങ്ങളും ഫർണിച്ചറുകളും മാറ്റാൻ സർക്കാർ സഹായം നൽകുമെന്നും സബ്കളക്ടർ അറിയിച്ചു. ഇന്ന് ഫ്‌ളാറ്റിൽ നിന്നും ആരേയും ബലം പ്രയോഗിച്ച് ഇറക്കേണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഫ്‌ളാറ്റുടമകളും ജില്ലാ കളക്ടറുമായുള്ള ചർച്ചയും ഇന്നു നടക്കും. നാല് ദിവസമെടുത്ത് ഒഴിപ്പിക്കൽ നടപടി പൂർത്തിയാക്കാനാണു തീരുമാനം. ഒഴിയുന്നവർക്കു 500 താത്കാലിക പുനരധിവാസ കേന്ദ്രങ്ങൾ തയ്യാറാണ്. ഫ്‌ളാറ്റുകളിൽ നിർത്തലാക്കിയ ജല- വൈദ്യുതി കണക്ഷനുകൾ നാലു ദിവസത്തേക്കു പുനഃസ്ഥാപിക്കുന്നതിനും തീരുമാനമായി.

Exit mobile version