കേരള രാഷ്ട്രീയം എല്‍ഡിഎഫിന് അനുകൂലം; എല്‍ഡിഎഫിന്റെ അടിത്തറ ശക്തമാണെന്ന് പാലാ വിജയത്തോടെ വ്യക്തമായി; കോടിയേരി

സംസ്ഥാനത്ത് വരാന്‍ പോകുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് ഊര്‍ജ്ജം നല്‍കുന്ന ജനവിധിയാണ് പാലയിലുണ്ടായിരിക്കുന്നത്

തിരുവനന്തപുരം: കേരള രാഷ്ട്രീയം എല്‍ഡിഎഫിന് അനുകൂലമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തുണ്ടായിരുന്ന സാഹചര്യം മാറിയെന്നും. യുഡിഎഫ് കോട്ട പിടിച്ചെടുക്കാനായത് ഇതിന്റെ തെളിവാണെന്നും കോടിയേരി പറഞ്ഞു. പാലായിലെ തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

സംസ്ഥാനത്ത് വരാന്‍ പോകുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് ഊര്‍ജ്ജം നല്‍കുന്ന ജനവിധിയാണ് പാലയിലുണ്ടായിരിക്കുന്നത്. ഇടത് പക്ഷ സ്ഥാനാര്‍ത്ഥി മാണി സി കാപ്പനുള്ള അംഗീകാരമാണ് പാലായിലെ തെരഞ്ഞെടുപ്പ് ഫലം. ഇത് പൂര്‍ണ്ണമായും സര്‍ക്കാര്‍ അനുകൂല ജനവിധിയാണെന്നും കോടിയേരി പറഞ്ഞു. എല്‍ഡിഎഫിന്റെ അടിത്തറ ശക്തമാണെന്നും പാലാ വിജയത്തോടെ അത് വ്യക്തമായിയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ബിജെപി വോട്ടിംഗ് ദിവസത്തില്‍ വോട്ട് മറിച്ചുവെന്ന് ആരോപിച്ച കോടിയേരി, ബിജെപി വോട്ടുകള്‍ വിലയ്ക്ക് വാങ്ങിയിട്ട് പോലും യുഡിഎഫിന് ഗുണമുണ്ടായില്ലെന്നും, യുഡിഎഫ് വന്‍തോക്കുകള്‍ ദിവസങ്ങളോളം പാലാ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടും ഫലമുണ്ടായില്ലന്നും കോടിയേരി പരിഹസിച്ചു.

ബിഡിജെഎസിന്റെ പിന്തുണ എന്‍ഡിഎയ്ക്കായിരുന്നെങ്കിലും എസ്എന്‍ഡിപിയുടെ പിന്തുണ മാണി സി കാപ്പനായിരുന്നുവെന്നും കോടിയേരി പറഞ്ഞു. യുഡിഎഫ് പൂര്‍ണ്ണമായു തകര്‍ന്നുവെന്ന് വേണം ജനവിധിയില്‍ നിന്ന് മനസിലാക്കാനെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Exit mobile version