പിറവം പള്ളി തര്‍ക്കം; വിധി നടപ്പാക്കുന്നതിനു തടസം നില്‍ക്കുന്ന മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്തു നീക്കണം; കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി

പിറവം പള്ളിയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടെന്ന് ആരോപിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

കൊച്ചി: പിറവം പള്ളി വിഷയത്തില്‍ കര്‍ശന നിലപാട് എടുത്ത് ഹൈക്കോടതി. പിറവം സെന്റ് മേരീസ് പള്ളിയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനു തടസം നില്‍ക്കുന്ന മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്തു നീക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. യാക്കോബായ വിശ്വാസികളക്കമുള്ളവരാണ് പള്ളിക്കുള്ളില്‍ നിലയുറച്ചിരിക്കുന്നത്. ഉത്തരവ് നടപ്പാക്കി ഉച്ചയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി പോലീസിനു നിര്‍ദേശം നല്‍കി.

പിറവം പള്ളിയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടെന്ന് ആരോപിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എഎം ഷഫീഖ്, എന്‍ അനില്‍കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റെതാണ് ഉത്തരവ്. ശ്രേഷ്ഠ ബാവയുടെയും മെത്രാപൊലീത്തമാരുടെയും നേതൃത്വത്തില്‍ ഒട്ടേറെ യാക്കോബായ സഭാ വിശ്വാസികളാണ് പള്ളിയിലുള്ളത്. ഇവരെ അറസ്റ്റ് ചെയ്യുക എന്നത് വന്‍ സംഘര്‍ഷത്തിന് കാരണമായെക്കും.

സുപ്രീം കോടതി വിധി അനുസരിച്ച് പിറവം സെന്റ് മേരീസ് പള്ളിയില്‍ (വലിയ പള്ളി) ആരാധന നടത്താന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പോലീസ് സുരക്ഷ തേടിയിരുന്നു. സുരക്ഷ ഒരുക്കാമെന്ന പോലീസ് ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്‌സ് സംഘം ഇന്നലെ പള്ളയിലെത്തി. എന്നാല്‍ ശ്രേഷ്ഠ ബാവയുടെ നേതൃത്വത്തില്‍ യാക്കോബായ വിഭാഗം ചെറുത്തതോടെ ഓര്‍ത്തഡോക്‌സുകാര്‍ക്കു പള്ളിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ഇതിനെത്തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് സഭാ ട്രസ്റ്റിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

Exit mobile version