ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് നാണംകെടാനില്ലെന്ന് ബിജെപിയിലെ മുൻനിരക്കാർ

ഉപതെരഞ്ഞെടുപ്പില് മത്സരിച്ച് നാണംകെടാനില്ലെന്ന് ബിജെപിയിലെ മുൻനിരക്കാർ; രാശിയില്ലെന്ന് വാദം; ബിജെപിക്കും ആർഎസ്എസിനും അമർഷം

കൊല്ലം: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന നിലപാടുമായി ബിജെപിയിലെ മുൻനിര നേതാക്കൾ. ഇതോടെ പാർട്ടിക്കുള്ളിലും ആർഎസ്എസ് നേതൃത്വത്തിലും അമർഷം പുകയുകയാണ്. ശോഭാസുരേന്ദ്രൻ ഒഴികെയുള്ള സംസ്ഥാന നേതാക്കളൊന്നും മത്സരത്തിനില്ലെന്ന നിലപാടിലാണെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ഇതോടെയാണ് ആർഎസ്എസും അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്. വ്യാഴാഴ്ച നടക്കുന്ന ബിജെപി കോർകമ്മിറ്റിയിലും ഭാരവാഹിയോഗത്തിലും ഈ വിഷയം ചർച്ചയായേക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ച മഞ്ചേശ്വരം, വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിൽ മത്സരിക്കാനില്ലെന്ന പ്രമുഖ നേതാക്കളുടെ നിലപാട് വോട്ടിന്റെ എണ്ണത്തിലും ജയസാധ്യതയിലും കാര്യമായ കുറവ് വരുത്തുമെന്നാണ് വിലയിരുത്തൽ.

ഉപതെരഞ്ഞെടുപ്പുകളിൽ വോട്ട് കുറഞ്ഞ ചരിത്രമുള്ളതുകൊണ്ടാണ് നേതാക്കൾ പിന്മാറുന്നതെന്നാണ് സൂചന. ഉപതെരഞ്ഞെടുപ്പുകൾക്ക് ‘രാശി’യില്ലെന്ന വാദവും വിമർശനത്തിന് കാരണമായിട്ടുണ്ട്. 2016-ൽ ചെങ്ങന്നൂരിൽ മത്സരിച്ച പിഎസ് ശ്രീധരൻപിള്ളയെ ബിജെപി, ആർഎസ്എസ് നേതാക്കൾ നിർബന്ധിച്ച് ഉപതെരഞ്ഞെടുപ്പിൽ രംഗത്തിറക്കിയിരുന്നു. എന്നാൽ ഫലംവന്നപ്പോൾ വോട്ട് വിഹിതം കുറയുകയായിരുന്നു.

അതേസമയം, മഞ്ചേശ്വരത്ത് 89 വോട്ടിന് പരാജയപ്പെട്ട കെ സുരേന്ദ്രൻ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് നേട്ടമുണ്ടാക്കുമെന്ന അഭിപ്രായമുള്ളവർ ബിജെപി നേതൃത്വത്തിലുണ്ട്. നേതൃയോഗങ്ങളിലും ഈ ആവശ്യം ഉയർന്നിരുന്നു. എന്നാൽ, മത്സരത്തിനില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സുരേന്ദ്രൻ. ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയുടെ ഭാഗമായ കോന്നി നിയമസഭാ മണ്ഡലത്തിൽ കെ സുരേന്ദ്രന് മികച്ച വോട്ടുലഭിച്ചതാണ്. കോന്നിയിൽ സുരേന്ദ്രൻ മത്സരിക്കണമെന്നാണ് ബിജെപി പത്തനംതിട്ട ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കെ സുരേന്ദ്രൻ താൽപര്യമില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. ഇതോടെയാണ് മറ്റുപേരുകൾ ഉൾപ്പെടുത്തി പട്ടിക തയ്യാറാക്കിയത്.

വട്ടിയൂർക്കാവിൽ കുമ്മനം മത്സരിക്കണമെന്നാണ് ബിജെപി ജില്ലാനേതൃത്വത്തിന്റെ ആവശ്യമെങ്കിലും അദ്ദേഹവും മത്സരിക്കാനില്ലെന്ന നിലപാടിലാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവിടെ രണ്ടാംസ്ഥാനത്തെത്തിയ കുമ്മനം ലോക്സഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ നില മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, ആർഎസ്എസ് ആവശ്യപ്പെട്ടാൽ കുമ്മനം ഇറങ്ങാനാണ് സാധ്യത. അങ്ങനെയെങ്കിൽ മുൻനിര നേതാക്കളെല്ലാം മത്സര രംഗത്തേക്ക് ഇറങ്ങിയേക്കും.

Exit mobile version