മരട് ഫ്‌ളാറ്റ്: നിര്‍മ്മാതാക്കള്‍ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി ക്രിമിനല്‍ കേസ്, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും

കൊച്ചി: തീരദേശ പരിപാലന ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകളുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസ്. വഞ്ചനാക്കുറ്റം ചുമത്തിയാണ് പനങ്ങാട് പോലീസ് കേസെടുത്തിരിക്കുന്നത്. നിയമം ലംഘിച്ച കമ്പനികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മന്ത്രിസഭാ യോഗം രാവിലെ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഹോളിഫെയ്‌ത്ത്‌ കണ്‍സ്‌ട്രക്ഷന്‍ ഉടമ സാനി ഫ്രാന്‍സിസിനെതിരെ ക്രിമിനല്‍ചട്ടം 406, 420 എന്നിവ പ്രകാരമാണ്‌ കേസ്‌ എടുത്തത്‌. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപി ലോക്നാഥ് ബെഹ്‌റയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഫ്‌ലാറ്റ് പൊളിക്കുമ്പോള്‍ താമസക്കാര്‍ക്കുണ്ടാകുന്ന നഷ്ടം ഫ്‌ലാറ്റ് നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മരടില്‍ അനധികൃതമായി നിര്‍മിച്ച ഫ്‌ലാറ്റുകള്‍ പൊളിക്കുന്ന നടപടികളിലേക്ക് നീങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാകാതെയാകും ഫ്‌ലാറ്റുകള്‍ പൊളിച്ചു നീക്കുക. ഒക്ടോബര്‍ ആദ്യവാരത്തോടെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്ന നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഫ്‌ലാറ്റിലെ വൈദ്യുതി ബന്ധം നാളെ വിച്ഛേദിക്കും. ഇതുസംബന്ധിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഫ്‌ലാറ്റിലെത്തി നോട്ടീസ് പതിച്ചു.

Exit mobile version