കാന്‍സറില്ലാതെ കീമോ ചെയ്ത സംഭവം; രജനിക്ക് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു

സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ രജനി കീമോതെറാപ്പിക്ക് വിധേയയായത്

തിരുവനന്തപുരം: കാന്‍സര്‍ ഇല്ലാതിരുന്നിട്ടും കീമോ തെറാപ്പിക്ക് വിധേയയാക്കിയ ആലപ്പുഴ കുടശ്ശനാട് സ്വദേശി രജനിക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. നഷ്ട പരിഹാരമായി മൂന്നു ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് നഷ്ടപരിഹാരം അനുവദിച്ചിരിക്കുന്നത്. കീമോതെറാപ്പി കാരണമുണ്ടായ ചികിത്സാ ചെലവും ശാരീരിക അവശതകളും മാനസികാഘാതവും പരിഗണിച്ചാണ് ധനസഹായം അനുവദിച്ചത്.

സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ രജനി കീമോതെറാപ്പിക്ക് വിധേയയായത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് രജനിക്ക് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കീമോ തെറാപ്പി ചെയ്ത്.

നേരത്തെ, തിരുവോണ നാളില്‍ മാവേലിക്കര താലൂക്ക് ഓഫീസിന് മുന്നില്‍ രജനി സമരം നടത്തിയിരുന്നു. ചികിത്സാ പിഴവ് വരുത്തിയ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി എടുക്കുക, കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു രജനിയുടെ സമരം.

Exit mobile version