വിലക്കുറവില്‍ ഇനി മരുന്നും; ജനങ്ങള്‍ക്കായി അനന്തപുരി മെഡിക്കല്‍സ് യാഥാര്‍ത്ഥ്യമാക്കാന്‍ ഒരുങ്ങി തിരുവനന്തപുരം കോര്‍പ്പറേഷന്‍

കോര്‍പ്പറേഷന്‍ ബജറ്റില്‍ നല്‍കിയിരുന്ന വാഗ്ദാനമാണ് അനന്തപുരി മെഡിക്കല്‍സ്.

തിരുവനന്തപുരം: എന്തിനും ഏതിനും ഇപ്പോള്‍ വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ഇപ്പോള്‍ ഏറ്റവും ബുദ്ധിമുട്ടേറുന്നത് മരുന്നുകളുടെ വിലയാണ്. ഒരു ജീവന്‍ രക്ഷിക്കാന്‍ മരുന്ന് വാങ്ങാന്‍ കഷ്ടപ്പെടുന്നവര്‍ അനവധിയാണ്. ഈ സാഹചര്യത്തില്‍ തിരുവനന്തപുരത്തെ ജനങ്ങള്‍ക്ക് വേണ്ടി ‘അനന്തപുരി മെഡിക്കല്‍സ്’ യാഥാര്‍ത്ഥ്യമാക്കുവാന്‍ ഒരുങ്ങിയിരിക്കുകയാണ്‌ തിരുവനന്തപുരം കോര്‍പ്പറേഷന്‍. ജനങ്ങള്‍ക്ക് വിലക്കുറവില്‍ മരുന്ന് ലഭ്യമാക്കുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം.

കോര്‍പ്പറേഷന്‍ ബജറ്റില്‍ നല്‍കിയിരുന്ന വാഗ്ദാനമാണ് അനന്തപുരി മെഡിക്കല്‍സ്. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിന് ശേഷം അനന്തപുരി മെഡിക്കല്‍സ് പ്രവര്‍ത്തനം ആരംഭിക്കും. ഗുണനിലവാരമുള്ള മരുന്നുകള്‍ ന്യായമായ വിലയില്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള കോര്‍പ്പറേഷന്റെ സ്വപ്ന പദ്ധതിയാണ് അനന്തപുരി മെഡിക്കല്‍സ്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ അടക്കമുള്ള സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നാകും മെഡിക്കല്‍ സ്റ്റോറുകളിലേക്ക് മരുന്നു ശേഖരിക്കുക.

കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ന്യായമായ വിലയില്‍ ഇവിടെ ലഭിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇത് ജനങ്ങള്‍ക്ക് സഹായമാകും എന്നതില്‍ സംശയമില്ല. സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ഫാര്‍മസികളുടെ മാതൃകയിലാകും പ്രവര്‍ത്തനം. പാളയം സാഫല്യം കോംപ്ലക്‌സിലാകും അനന്തപുരി മെഡിക്കല്‍സിന്റെ ആദ്യ ഔട്ട്‌ലെറ്റ് പ്രവര്‍ത്തനം ആരംഭിക്കുക. പിന്നീട് കോര്‍പ്പറേഷന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനം ഉണ്ട്.

Exit mobile version