നടക്കുന്നത് അസത്യ പ്രചാരണം: ടി സിദ്ധീക്ക്

സത്യസന്ധമായി അന്വേഷിച്ച് നടപടി വേണമെന്നാണ്

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വീഡിയോയ്‌ക്കെതിരെ പോലീസിൽ പരാതി നൽകി ഡിസിസി പ്രസിഡന്റ് ടി സിദ്ധീക്ക്. മദ്യപിച്ച് ലക്കുകെട്ടതെന്ന തരത്തിൽ തനിക്കെതിരെ അസത്യ പ്രചാരണം നടത്തിയവർക്കെതിരെ സിറ്റി പോലീസ് കമീഷണർക്കാണ് പരാതി നൽകിയിരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. സത്യസന്ധമായി അന്വേഷിച്ച് നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം.

നേരത്തെ ടി സിദ്ധീക്കിനെയും കുടുംബത്തേയും സമൂഹ മാധ്യമങ്ങളിൽ വ്യക്തിഹത്യ നടത്തിയെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ഭാര്യ ദുബായ് പോലീസിൽ പരാതി നൽകിയിരുന്നു. ദുബായിയിലെ മരുഭൂമിയിൽ വിനോദയാത്രക്കിടെ പുറത്തുവിട്ട ഫേസ്ബുക്ക് വീഡിയോ ഉപയോഗിച്ച് സിദ്ധീക്ക് മദ്യപിച്ചു എന്ന് ചിലർ ദുഷ്പ്രചരണം നടത്തി എന്നാണ് ഭാര്യ ഷറഫുന്നിസ നൽകിയ പരാതി. സിദ്ധീക്കിനോടുള്ള രാഷ്ട്രീയ വൈര്യം തീർക്കാൻ തന്നെയും കുടുംബത്തേയും ചിലർ വ്യക്തിഹത്യ നടത്തുകയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ തെളിവുകളും ഷറഫുന്നിസ പോലീസിന് നൽകിയിട്ടുണ്ട്.

സുഹൃത്തുക്കൾക്കൊപ്പം ഡെസർട്ട് സഫാരി നടത്തുന്നതിനിടെ ഭാര്യ ഫേസ്ബുക്കിൽ ലൈവായി പോസ്റ്റ് ചെയ്ത വീഡിയോയാണ് വിവാദങ്ങൾക്ക് കാരണം. ഈ വീഡിയോയിൽ സിദ്ധീക്ക് മദ്യലഹരിയിലാണെന്നായിരുന്നു പലരുടേയും ആരോപണം. ഈ ആരോപണങ്ങൾ നിഷേധിച്ച ടി സിദ്ധീക്ക് ഫേസ്ബുക്കിലൂടെ മറുപടി നൽകിയിരുന്നു. വീഡിയോ ഫേസ്ബുക്കിൽ നിന്ന് ഒഴിവാക്കിയെങ്കിലും സോഷ്യൽമീഡിയയിലൂടെ വ്യാപകമായി വീഡിയോ പ്രചരിച്ചിരുന്നു.

Exit mobile version