ആദ്യഘട്ടത്തിൽ ഫ്‌ളാറ്റുകളിലേക്കുള്ള വെള്ളം, വൈദ്യുതി ‘കട്ട്’; മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാൻ നടപടി ശക്തം

എറണാകുളം സബ്കളക്ടർ സ്‌നേഹിൽ കുമാർ ഐഎഎസ് മരടിലെത്തി തുടർനടപടികൾക്ക് തുടക്കം കുറിക്കും.

കൊച്ചി: മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ച് സർക്കാർ. പൊളിക്കലിനു മുന്നോടിയായി നാല് ഫ്‌ളാറ്റുകളിലെയും ജല, വൈദ്യുതി വിതരണം ഉടൻ നിർത്തലാക്കും. പൊളിക്കാൻ സർക്കാർ ചുമതലയുള്ള എറണാകുളം സബ്കളക്ടർ സ്‌നേഹിൽ കുമാർ ഐഎഎസ് മരടിലെത്തി തുടർനടപടികൾക്ക് തുടക്കം കുറിക്കും.

താമസക്കാരെ കുടിയൊഴിപ്പിക്കലാണ് സബ്കളക്ടർക്ക് ലഭിച്ചിരിക്കുന്ന ആദ്യകടമ്പ. 6 നിലകൾ ഉള്ള കൂറ്റൻ കെട്ടിടങ്ങളിലായി വസിക്കുന്ന 350 ഓളം കുടുംബങ്ങളെയാണ് ഇത്തരത്തിൽ പുറത്താക്കേണ്ടത്. ഈ കണക്കുകൾ കേൾക്കുമ്പോഴേ ഉൾക്കിടിലം തൊന്നുമെങ്കിലും സബ് കളക്ടർ സ്‌നേഹിൽ കുമാറി,നും സംഘത്തിനും ഇവരെ ഒഴിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ല. ഫ്‌ളാറ്റുകളിലെ താമസക്കാരെ പൂർണ്ണമായും ഒഴിപ്പിച്ചതിനു ശേഷം മാത്രമെ പൊളിക്കൽ നടപടികളെ കുറിച്ച് സർക്കാരിന് ആലോചിക്കാൻ സാധിക്കൂ. അതേസമയം, ഫ്‌ളാറ്റ് വിട്ടൊഴിയില്ലെന്നു ആവർത്തിക്കുന്ന ഫ്‌ളാറ്റ് ഉടമകൾ സംഘടിതമായി ആയി പ്രതിഷേധിക്കാനാണ് സാധ്യത.

പുനരധിവാസം ആവശ്യമുള്ളവർ അറിയിക്കണമെന്ന് കാണിച്ച് നഗരസഭ നേരത്തെ നോട്ടീസ് നൽകിയിരുന്നു. അതിന് ആരും മറുപടി നൽകിയിട്ടില്ല. എങ്കിലും പെട്ടെന്ന് വീട് വിട്ടിറങ്ങുന്നവരെ ആവശ്യമെങ്കിൽ പുനരധിവസിപ്പിക്കാനായി ജില്ലാ ഭരണകൂടം സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഫ്‌ളാറ്റുകളിലെ വൈദ്യുതി വിതരണം നിർത്തലാക്കാൻ നഗരസഭ കെഎസ്ഇബിക്ക് നിർദേശം നൽകി. നാളെയോ മറ്റന്നാളോ പകൽ സമയത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കും. തുടർന്ന് കുടിവെള്ള വിതരണവും, പാചകവാതക വിതരണവും നിർത്തലാക്കും. പൊളിക്കാൻ താൽപര്യം പ്രകടിപ്പിച്ചു മുന്നോട്ട് വന്ന 15 കമ്പനികളുടെ വിവരങ്ങൾ ഐഐടി വിദഗ്ധർപരിശോധിക്കുകയാണ്. ഇതിൽ നിന്ന് കമ്പനികളെ തെരഞ്ഞെടുത്ത ശേഷം ടെൻഡർ നടപടികളിലേക്ക് കടക്കും.

Exit mobile version