ഇനിമുതല്‍ എടിഎം കാര്‍ഡ് ഇല്ലെങ്കിലും പണം പിന്‍വലിക്കാം; സംവിധാനമൊരുക്കി എസ്ബിഐ

എസ്ബിഐയുടെ ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്‌ഫോമായ യോനോ ആപ്ലിക്കേഷനിലൂടെയാണ് ഈ സംവിധാനം ലഭ്യമാവുക

തിരുവനന്തപുരം: ഡബിറ്റ് കാര്‍ഡിന്റെ സഹായമില്ലാതെ ഇനി എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാം.
എസ്ബിഐയാണ് ഉപഭോക്താവിന് കാര്‍ഡില്ലാതെ എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാനുള്ള സംവിധാനം ഒരുക്കുന്നത്. എസ്ബിഐയുടെ ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്‌ഫോമായ യോനോ ആപ്ലിക്കേഷനിലൂടെയാണ് ഈ സംവിധാനം ലഭ്യമാവുക.

യോനോ ആപ്ലിക്കേഷന്‍ ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട് ഫോണുകളില്‍ ഡിജിറ്റല്‍ ഇടപാടുകളും പേയ്‌മെന്റുകളും നടത്താന്‍ ഉപയോഗിക്കാം. ബാങ്കിന്റെ ഇന്റര്‍നെറ്റ് ലോഗിന്‍, പാസ്വേഡ് എന്നിവ ഉപയോഗിച്ച് അക്കൗണ്ട് ഉടമയ്ക്ക് യോനോ ആപ്ലിക്കേഷനില്‍ പ്രവേശിക്കാന്‍ കഴിയും. ശേഷം ആറ് അക്ക എംപിഎന്‍ സജ്ജമാക്കണം. തുടര്‍ന്ന് ആപ്ലിക്കേഷനില്‍ ലോഗിന് ചെയ്ത ശേഷം യോനോ ക്യാഷില്‍ ക്ലിക്കുചെയ്യണം.

പിന്നീട് എടിഎം വിഭാഗത്തിലേക്ക് പോയി എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന തുക നല്‍കുക. രജിസ്റ്റര്‍ ചെയ്ത മൊബൈലിലേക്ക് എസ്ബിഐ ഒരു യോനോ ക്യാഷ് ഇടപാട് നമ്പര്‍ അയയ്ക്കും. പണം പിന്‍വലിക്കുന്നതിനായി അക്കൗണ്ട് ഉടമ ഈ നമ്പറും എസ്ബിഐയുടെ ഏതെങ്കിലും കാര്‍ഡ്‌ലെസ് ഇടപാട് സാധ്യമായ എടിഎമ്മുകളില്‍ ഉപയോഗിക്കാം.

എടിഎം സ്‌ക്രീനിലെ ആദ്യ പേജില്‍ കാര്‍ഡ്‌ലെസ് ഇടപാട് ഓപ്ഷന്‍ ഉപയോഗിക്കുകയും തുടര്‍ന്ന് യോനോ ക്യാഷ് ഉപയോഗിക്കുകയും വിശദാംശങ്ങള്‍ നല്കുകയും വേണം. പരമാവധി 10,000 രൂപ വരെ പിന്‍വലിക്കാന്‍ കഴിയും.

Exit mobile version