ലോക്‌സഭാ സീറ്റ് നൽകിയില്ല; എന്നാൽ നിയമസഭാ സീറ്റ് കിട്ടിയേ തീരൂ; കെവി തോമസ് രാഹുൽ ഗാന്ധിയേയും കാണും

സ്ഥാനാർത്ഥിത്വത്തെ പറ്റിയല്ല, രാഷ്ട്രീയ ചർച്ചകളാണ് നടന്നതെന്നായിരുന്നു കെവി തോമസിന്റെ പ്രതികരണം.

കൊച്ചി: ലോക്‌സഭാ സീറ്റ് വീണ്ടും വേണമെന്ന ആവശ്യം തള്ളിയനാൾ മുതൽ എറണാകുളം നിയമസഭാ സീറ്റിനായി അവകാശമുന്നയിക്കുന്ന കെവി തോമസ് രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തും. ഇന്നലെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടതിനു പിന്നാലെയാണ് ഇന്ന് രാഹുലുമായി കൂടിക്കാഴ്ച. എന്നാൽ സ്ഥാനാർത്ഥിത്വത്തെ പറ്റിയല്ല, രാഷ്ട്രീയ ചർച്ചകളാണ് നടന്നതെന്നായിരുന്നു കെവി തോമസിന്റെ പ്രതികരണം.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കുമായും കെവി തോമസ് കൂടിക്കാഴ്ച നടത്തിയേക്കും. അതേസമയം, എറണാകുളത്ത് ഡിസിസി പ്രസിഡന്റ് ടിജെ വിനോദിനെ മുൻനിർത്തിയാണ് ഹൈബി ഈഡൻ കരുക്കൾ നീക്കുന്നതെന്നാണ് വിവരം. ഈ നീക്കം തടയാനാണ് കെവി തോമസിന്റെ ശ്രമം. വിനോദിനെ മാറ്റി തന്റെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാനാണ് കെവി തോമസ് ഹൈക്കമാൻഡുമായി ചർച്ച നടത്തുന്നത്. ഐ ഗ്രൂപ്പിന്റെ സീറ്റായതിനാൽ ടിജെ വിനോദിനാണ് കൂടുതൽ സാധ്യത.

എങ്കിലും, ലോക്സഭാ തെരഞ്ഞെടുപ്പ് സീറ്റ് നിഷേധിച്ചതിന് പിന്നാലെ പാർട്ടിയിൽ അർഹമായ പരിഗണന നൽകുമെന്ന് ഹൈക്കമാൻഡ് ഉറപ്പ് നൽകിയിരുന്നു, ഇതിലാണ് കെവി തോമസിന്റെ പ്രതീക്ഷ.

Exit mobile version