‘ആ തിരി തെളിയുന്നിടത്താണോ കൃഷ്ണനുള്ളത്’ ഗുരുവായൂര്‍ അമ്പലനടയില്‍ കൗതുകത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഇത് ആദ്യ സന്ദര്‍ശനം

പന്തീരടി പൂജകഴിഞ്ഞ് ഉദയാസ്തമന പൂജയ്ക്കിടെ നടതുറന്ന നേരത്തായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.

ഗുരുവായൂര്‍: ‘ആ തിരി തെളിയുന്നിടത്താണോ കൃഷ്ണനുള്ളത്’ ഗുരുവായൂര്‍ അമ്പലനടയില്‍ ആദ്യമായി എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യം ഇപ്രകാരമായിരുന്നു. ആ ചോദ്യം കൗതുകം കൂടി നിറഞ്ഞതായിരുന്നു. കിഴക്കേ ഗോപുരനടയിലെ ദീപസ്തംഭത്തിനരികില്‍ ഏതാനും നിമിഷം ശ്രീലകത്തേക്ക് നോക്കി നിന്ന അദ്ദേഹം ക്ഷേത്ര കാര്യങ്ങളും ചോദിച്ചറിഞ്ഞു.

ഗുരുവായൂര്‍ ക്ഷേത്രത്തിന് സമീപം ടെമ്പിള്‍ പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിടാനായാണ് അദ്ദേഹം എത്തിയത്. ഏറെ നാളത്തെ സ്വപ്‌നം കൂടിയാണ് ടെമ്പിള്‍ പോലീസ് സ്‌റ്റേഷന്‍. ആ സ്വപ്‌ന സാക്ഷാത്കാരമാണ് നടക്കാന്‍ പോകുന്നത്. ഇന്നലെയായിരുന്നു ചടങ്ങ്. തറക്കല്ലിടലിനുശേഷമുള്ള സമ്മേളനച്ചടങ്ങ് ഗുരൂവായൂര്‍ക്ഷേത്രനടയ്ക്കരികിലുള്ള മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലാണ് നടന്നത്. ശ്രീവത്സം ഗസ്റ്റ് ഹൗസിനരികില്‍ തെക്കേ ഗോപുരനടയില്‍ വന്നിറങ്ങിയ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ഗുരുവായൂര്‍ പത്മനാഭനും വലിയകേശവനും ഇന്ദ്രസെനും അടങ്ങിയ ആനത്രയമാണ് ഉണ്ടായിരുന്നത്.

പന്തീരടി പൂജകഴിഞ്ഞ് ഉദയാസ്തമന പൂജയ്ക്കിടെ നടതുറന്ന നേരത്തായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കെവി അബ്ദുള്‍ഖാദര്‍ എംഎല്‍എ, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെബി മോഹന്‍ദാസ്, ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവരും മുഖ്യമന്ത്രിയെ അനുഗമിച്ചു. ഗുരുവായൂരെന്നത് ഭക്തര്‍ക്ക് വൈകാരികമായി അടുപ്പമുള്ളയിടമാണെന്നും ഇവിടത്തെ സുരക്ഷ ഏറെ പ്രാധാന്യമുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

3 കോടിയോളം ചിലവില്‍ നിര്‍മ്മിക്കുന്ന ആധുനിക കെട്ടിടത്തില്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷന്‍, ഗുരുവായൂര്‍ എസിപി ഓഫീസ്, റെസ്റ്റ് റൂം, സെക്യൂരിറ്റി റൂം, പാര്‍ക്കിംങ്ങ് എന്നീ സൗകര്യങ്ങളുണ്ടാകും. നിലവില്‍ ടെമ്പിള്‍ സ്റ്റേഷന്‍ ഉണ്ടായിരുന്ന ദേവസ്വം വക സ്ഥലത്താണ് പുതിയ കെട്ടിടം പണികഴിപ്പിക്കുന്നത്.

Exit mobile version