അബുദാബിയില്‍ ചികിത്സയില്‍ കഴിയുന്ന നീതുവിനെ ഉടന്‍ നാട്ടിലെത്തിക്കും; ശ്രീചിത്രയില്‍ ചികിത്സ തുടരും; മന്ത്രി ഇപി ജയരാജന്‍

തിരുവനന്തപുരം: അപൂര്‍വ്വരോഗം പിടിപ്പെട്ട് ആറുമാസത്തിലേറെയായി അബുദാബിയിലെ ശൈഖ് ഖലീഫ ആശുപത്രിയില്‍ കഴിയുന്ന തിരുവനന്തപുരം സ്വദേശി നീതുവിന് ചികിത്സ ഉറപ്പാക്കി സര്‍ക്കാര്‍. നീതുവിനെ ഉടന്‍ നാട്ടിലെത്തിക്കുമെന്നും സര്‍ക്കാര്‍ സഹായത്തില്‍ തുടര്‍ചികിത്സ നല്‍കുമെന്നും മന്ത്രി ഇപി ജയരാജന്‍ അറിയിച്ചു.

സര്‍ക്കാര്‍ സഹായത്തില്‍ തുടര്‍ചികിത്സ നല്‍കുമെന്നും മന്ത്രി ഇപി ജയരാജന്‍ അറിയിച്ചു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും വ്യവസായ മന്ത്രി ഇപി ജയരാജനും ആശുപത്രിയിലെത്തി നീതുവിനെ സന്ദര്‍ശിച്ചു. നോര്‍ക്കയുടെ സഹായത്തോടെ അടുത്ത ദിവസം തന്നെ നീതുവിനെ നാട്ടിലെത്തിക്കുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാര്‍ സഹായത്തോടെ തിരുവനന്തപുരം ശ്രീചിത്രയില്‍ തുടര്‍ ചികിത്സ നല്‍കുമെന്നും അറിയിച്ചു.

വിസിറ്റിങ് വിസയില്‍ ഭര്‍ത്താവിനൊപ്പം അമ്മയെകാണാന്‍ അബുദാബിയിലെത്തിയപ്പോഴാണ് നീതുവിന് ഓട്ടോ ഇമ്യൂണ്‍ എന്‍സഫാലിറ്റിസ് എന്ന അപൂര്‍വരോഗം പിടിപ്പെട്ടത്. തുടര്‍ന്ന് നീതുവിനെ ഖലീഫ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

പനിയുടെയും ഛര്‍ദിയുടെയും രൂപത്തിലായിരുന്നു തുടക്കം. പിന്നീടത് നിര്‍ത്താതെയുള്ള അപസ്മാരമായി. ആറുമാസത്തോളമായി ആശുപത്രിയില്‍ കഴിയുന്ന നീതുവിന്റെ അരയ്ക്ക് താഴേക്ക് ചലനം നഷ്ടമായ അവസ്ഥയിലാണ് ഇപ്പോള്‍. ചിലപ്പോഴെങ്കിലും നേരിയ ബോധം തിരിച്ചുകിട്ടുമെങ്കിലും ആള്‍ക്കാരെ മനസ്സിലാവില്ല.

സന്ദര്‍ശക വിസയിലെത്തിയ നീതുവിന് ഈ മാസം 26 വരെയേ യുഎഇയില്‍ ചികിത്സയില്‍ തുടരാന്‍ അനുമതിയുള്ളൂ. മകളുടെ തുടര്‍ചികിത്സയ്ക്ക് തുക കണ്ടെത്താനാവതെ വിഷമിച്ച ബിന്ദുവിന് വലിയ ആശ്വാസമാണ് സര്‍ക്കാറിന്റെ ഇടപെടല്‍. ഭര്‍ത്താവ് ഉപേക്ഷിച്ച ബിന്ദു 12 വര്‍ഷമായി യുഎഇയില്‍ തൂപ്പ് ജോലിയെടുത്താണ് മക്കളെ പഠിപ്പിച്ചത്. ഇളയമകളെ വിവാഹം കഴിപ്പിച്ച് രണ്ടുമാസം തികയും മുമ്പാണ് നീതുവിന് അപൂര്‍വരോഗം ബാധിച്ചത്.

Exit mobile version