കാളികാവ് ചിങ്കക്കല്ല് വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചില്‍: രണ്ട് പേര്‍ മരിച്ചു, പിഞ്ചുകുഞ്ഞിനായി തിരച്ചില്‍

മലപ്പുറം: കാളികാവ് ചോക്കാട് കല്ലാമൂല ചിങ്കക്കല്ല് വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി. ഒഴുക്കില്‍പ്പെട്ട ഒരു വയസുള്ള കുട്ടിയ്ക്കായി തിരച്ചില്‍ തുടരുകയാണ്.

കല്ലാമൂലയിലെ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയവരാണ് ഒഴുക്കില്‍പ്പെട്ടത്. ഒരു കുടുംബത്തിലെ 10 ഓളം വരുന്ന ആളുകളാണ് കുളിക്കാനായി വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയത്. ഇതിനിടെ പെട്ടെന്ന് ശക്തമായ ഒഴുക്കുണ്ടാവുകയും അഞ്ച് പേര്‍ ഒഴുക്കില്‍പ്പെടുകയുമായിരുന്നു.

വേങ്ങര പറമ്പില്‍പടി സ്വദേശി യൂസഫ്, ബന്ധു ജുബൈരിയ എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഒഴുക്കില്‍പ്പെട്ട യൂസഫിന്റെ ഭാര്യ ഷഹീദ, മകന്‍ അജ്മല്‍ എന്നിവരെ രക്ഷപ്പെടുത്തി. ഒരുവയസ്സുള്ള അബീഹയെയാണ് കാണാതായത്.

വേങ്ങരയില്‍നിന്നുള്ള 15 അംഗ സംഘമാണ് ചീങ്ങക്കല്ല് സന്ദര്‍ശിക്കാനെത്തിയത്. പെട്ടെന്ന് മലവെള്ളപ്പാച്ചിലുണ്ടായതിനാല്‍ പുഴയില്‍ ജലനിരപ്പുയരുകയും അഞ്ചുപേര്‍ ഒഴുക്കില്‍പ്പെടുകയുമായിരുന്നു.

Exit mobile version