വികെ ഇബ്രാഹിംകുഞ്ഞ് പ്രതിയോ? വിജിലൻസ് അടുത്തയാഴ്ച ചോദ്യം ചെയ്യും

കിറ്റ്‌കോയിലേയും റോഡ്‌സ് ആൻറ് ബ്രിഡ്ജസ് കോർപറേഷനിലേയും ചില ഉദ്യോഗസ്ഥരേയും വിളിച്ചുവരുത്തിയായിരിക്കും ചോദ്യം ചെയ്യൽ.

കൊച്ചി: മുൻമന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ പാലാരിവട്ടം പാലം അഴിമതി കേസിൽ വിജിലൻസ് അടുത്തയാഴ്ച ചോദ്യം ചെയ്യും. ഇതിന് മുന്നോടിയായി അന്വേഷണ സംഘം പ്രത്യേക ചോദ്യാവലിയും തയ്യാറാക്കുന്നുണ്ട്. മുൻ മന്ത്രിക്കൊപ്പം കിറ്റ്‌കോയിലേയും റോഡ്‌സ് ആൻറ് ബ്രിഡ്ജസ് കോർപറേഷനിലേയും ചില ഉദ്യോഗസ്ഥരേയും വിളിച്ചുവരുത്തിയായിരിക്കും ചോദ്യം ചെയ്യൽ.

റിമാന്റിൽ കഴിയുന്ന മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് വികെ ഇബ്രാഹിംകുഞ്ഞിനെതിരെ മൊഴി നൽകിയ പശ്ചാത്തലത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്നാണ് വിജിലൻസിന് ലഭിച്ചിരിക്കുന്ന നിർദേശം. ഈ പശ്ചാത്തലത്തിൽ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇബ്രാഹിംകുഞ്ഞിന് നോട്ടീസ് നൽകും. മുൻ മന്ത്രി കഴിഞ്ഞ തവണ നൽകിയ മൊഴിയിൽ നിരവധി പഴുതുകൾ കണ്ടെത്തിയിരുന്നു. മാത്രമല്ല കരാറുകാരന് എട്ടേകാൽ കോടി രൂപ മുൻകൂറായി നൽകിയ ഗൂഢാലോചനയിൽ ഇബ്രാഹിംകുഞ്ഞിന് നേരിട്ട് പങ്കുണ്ടെന്നാണ് വിജിലൻസ് കരുതുന്നത്.

ഈ സാഹചര്യത്തിൽ പഴുതുകളടച്ചുള്ള ചോദ്യം ചെയ്യൽ വേണമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച നിർദേശം. ഇതിനെ തുടർന്നാണ് കരാർ രേഖകളെല്ലാം വിശദമായി പരിശോധിച്ച് ചോദ്യാവലി തയ്യാറാക്കുന്നത്. അതേസമയം വിജിലൻസ് നോട്ടീസ് കിട്ടിയാൽ മുൻകൂർ ജാമ്യത്തിനടക്കം ശ്രമിക്കുന്നതിനെക്കുറിച്ച് ഇ്രബാഹിംകുഞ്ഞ് നിയമോപദേശം തേടിയിട്ടുണ്ട്.

Exit mobile version