ഇന്ധന വില വര്‍ധിക്കുന്നു; അഞ്ച് ദിവസത്തിനിടെ വര്‍ധിച്ചത് ഒരു രൂപയോളം

സൗദിയില്‍ ഹൂതി വിമതര്‍ അരാംകോയുടെ എണ്ണക്കിണറില്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ആഭ്യന്തര വിപണിയില്‍ വില ഉയര്‍ന്നു തുടങ്ങിയത്.

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില വര്‍ദ്ധിക്കുന്നു. കഴിഞ്ഞ അഞ്ചു ദിവസമായി ഒരു രൂപയിലേറെയാണ് വര്‍ധിച്ചത്. ഡീസല്‍ ലിറ്ററിന് 25 പൈസയാണ് ഇന്നു കൂടിയത്. അഞ്ച് ദിവസം കൊണ്ട് പെട്രോളിന് വില 1.34 രൂപ കൂടി.

ചൊവ്വാഴ്ച 14 പൈസ, ബുധനാഴ്ച 26 പൈസ, വ്യാഴാഴ്ച 29പൈസ, വെള്ളിയാഴ്ച 35 പൈസ എന്നിങ്ങനെയാണ് പെട്രോളിന്റെ വില ഉയര്‍ന്നത്. ഡീസല്‍ വിലയും ഈ ദിവസങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 75.43 ആണ് ഇന്നത്തെ വില. 70.25 രൂപയാണ് ഡീസല്‍ വില.

സൗദിയില്‍ ഹൂതി വിമതര്‍ അരാംകോയുടെ എണ്ണക്കിണറില്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ആഭ്യന്തര വിപണിയില്‍ വില ഉയര്‍ന്നു തുടങ്ങിയത്. സൗദി എണ്ണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഇന്ധന വില നാലു രൂപ മുതല്‍ ആറു രൂപ വരെ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സൗദി ആക്രമണത്തിന് പിന്നാലെ രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില 20 ശതമാനത്തോളം ഉയര്‍ന്നിരുന്നു. എന്നാല്‍ വില പിന്നീട് താഴുകയായിരുന്നു.

Exit mobile version