ഫോണുകള്‍ നിശ്ചലമായിട്ട് ഒന്നരമാസം; ബില്‍ അയക്കുന്നതില്‍ കമ്പനി ഒരു മുടക്കും വരുത്തുന്നില്ലെന്ന് കാശ്മീരിലെ ജനങ്ങള്‍

അടഞ്ഞു കിടക്കുന്ന സ്‌കൂളുകളും വിദ്യാര്‍ത്ഥികളില്‍ നിന്നും ഫീസ് വാങ്ങുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്

ശ്രീനഗര്‍: ഫോണുകള്‍ നിശ്ചലമായിട്ടും ബില് കൃത്യമായി വരുന്നുണ്ടെന്ന് കാശ്മീരിലെ ജനങ്ങള്‍. ആഗസ്റ്റ് 5 മുതല്‍ ഫോണ്‍ വിളിക്കാനോ, ഇന്റര്‍നെറ്റ് ഉപയോഗിക്കാനോ കാശ്മീരിലെ ജനങ്ങള്‍ക്ക് കഴിയുന്നില്ല. എന്നാല്‍ ഉപയോക്താക്കള്‍ക്ക് ബില്‍ അയക്കുന്നതില്‍ കമ്പനി ഒരു മുടക്കും വരുത്തിയിട്ടില്ല.

അതുപോലെ അടഞ്ഞു കിടക്കുന്ന സ്‌കൂളുകളും വിദ്യാര്‍ത്ഥികളില്‍ നിന്നും ഫീസ് വാങ്ങുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഫീസിന് പുറമെ, വിദ്യാര്‍ത്ഥികള്‍ ഈ മാസങ്ങളിലെ വാഹനവാടകയും നല്‍കണം എന്നാണ് സ്‌കൂളുകളുടെ വാദം.

ഫോണ്‍ ഉപയോഗിക്കാതിരുന്നിട്ടും ബില്‍ അടക്കേണ്ട അവസ്ഥ തങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന് കാശ്മീരിലെ ജനങ്ങള്‍ പറയുന്നു. ഇത്തവണ തനിക്ക് 779 രൂപയുടെ ബില്ലാണ് എയര്‍ടെല്‍ അയച്ചതെന്നും ഇവരീ ചാര്‍ജ് ചെയ്തിരിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും സഫകദല്‍ പ്രദേശവാസിയായ ഒബൈദ് പറയുന്നു.

2016ലെ സംഘര്‍ഷത്തിനും, 2014ലെ പ്രളയത്തിനും പിന്നാലെ ഈ ബില്ലുകള്‍ അടയ്‌ക്കേണ്ടതില്ലെന്ന് പറഞ്ഞത് പോലെ ഇത്തവണയും അങ്ങനെയൊരു തീരുമാനം അധികാരികളില്‍ നിന്നും പ്രതീക്ഷിച്ചിരിക്കുകയാണ് കാശ്മീരിലെ ഒരുകൂട്ടം ജനങ്ങള്‍.

Exit mobile version