അട്ടപ്പാടിയിലെ ദുരിതജീവിതം; നെഞ്ച് വേദന അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത് മുളയില്‍ കെട്ടി ചുമന്ന്

ഇട വാണിയൂരില്‍ അയ്യപ്പന്റെ മകള്‍ ആതിരയെയാണ് മുളയില്‍ കെട്ടി കിലോമീറ്ററുകളോളം സഞ്ചരിച്ച് ആശുപത്രിയില്‍ എത്തിച്ചത്

പാലക്കാട്: അട്ടപ്പാടിയില്‍ നെഞ്ച് വേദന അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത് മുളയില്‍ കെട്ടി ചുമന്ന്. ഇട വാണിയൂരില്‍ അയ്യപ്പന്റെ മകള്‍ ആതിരയെയാണ് മുളയില്‍ കെട്ടി കിലോമീറ്ററുകളോളം സഞ്ചരിച്ച് ആശുപത്രിയില്‍ എത്തിച്ചത്. ഇന്നലെ ഉച്ചതിരിഞ്ഞാണ് സംഭവം.

പനിയെ തുടര്‍ന്നാണ് ആതിരയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. പിന്നീട് തളര്‍ന്ന് വീഴുകയും ചെയ്തു. ആശുപത്രിയിലെത്തിക്കാന്‍ വാഹനസൗകര്യങ്ങളൊന്നുമില്ലാത്തതിനെ തുടര്‍ന്ന് ഊര് നിവാസികളും ബന്ധുക്കളും ചേര്‍ന്ന് ആതിരയെ മുളം തണ്ടില്‍ ചുറ്റിയ തുണിയില്‍ കിടത്തി നാല് കിലോമീറ്ററോളം തോളില്‍ ചുമന്ന് നടക്കുകയായിരുന്നു.

താഴെ ഭൂതയാര്‍ ഊരു വരെ മുളംതണ്ടില്‍ കടത്തിയ പെണ്‍കുട്ടിയെ അവിടെ നിന്നും ജീപ്പില്‍ കയറ്റി കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇത് രണ്ടാം തവണയാണ് ഇടവാനിയില്‍ ഗതാഗത സൗകര്യമില്ലാത്തതിനാല്‍ മുളയില്‍ കെട്ടി ആളുകളെ ആശുപത്രിയില്‍ എത്തിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 5ന് ഊരിലെ പണലി എന്ന വ്യക്തിയുടെ ഭാര്യ മണിയെ പൂര്‍ണ്ണ ഗര്‍ഭിണിയായിരിക്കെ സമാന രീതിയില്‍ ആശുപത്രിയില്‍ കൊണ്ട് പോയിരുന്നു.

Exit mobile version