കുതിരാനിൽ റോഡ് സൈഡിലൂടെ കയറി മാസ് കാണിച്ചതിനല്ല ‘ജോണീസ്’ പിടിയിലായത്; കാറിനെ കയറി ‘ചൊറിഞ്ഞതിന്’; വിശദീകരിച്ച് പോലീസ്

റോഡിലെ മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്കിൽ നിന്നും രക്ഷപ്പെടാനായി സമാന്തരപാത 'സൃഷ്ടിച്ച' ജോണീസ് ബസ് പിന്നീട് പോലീസ് സ്‌റ്റേഷനിൽ കിടക്കുന്ന കാഴ്ചയാണ് കണ്ടത്

പീച്ചി: തൃശ്ശൂർ-പാലക്കാട് റൂട്ടിലെ കുതിരാൻ തുരങ്കപാതയ്ക്ക് സമീപത്തെ വളവ് റോഡിലെ മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്കിൽ നിന്നും രക്ഷപ്പെടാനായി സമാന്തരപാത ‘സൃഷ്ടിച്ച’ ജോണീസ് ബസ് പിന്നീട് പോലീസ് സ്‌റ്റേഷനിൽ കിടക്കുന്ന കാഴ്ചയാണ് കണ്ടത്. ഈ കാഴ്ച കണ്ട് ഞെട്ടിയവരോട് മറുപടിയുമായി പോലീസ് രംഗത്തെത്തിയിരിക്കുകയാണ്. സമാന്തര പാതയായി റോഡ് സൈഡിലൂടെ ഒരു വഴി സ്വന്തമായുണ്ടാക്കി നിയമം ലംഘിച്ചതിനല്ല ജോണീസ് ബസിനെ പിടികൂടിയതെന്നും കാറിനെ ഇടിച്ച് അപകടമുണ്ടാക്കിയതിന് ആണെന്നും പീച്ചി പോലീസ് വിശദീകരിക്കുന്നു.

കുതിരാനിലെ റോഡിൽ കഴിഞ്ഞദിവസമുണ്ടായ ഗതാഗത കുരുക്കിനിടെ കൃത്യസമയം പാലിക്കാൻ വേണ്ടി പ്രധാനപാതയിൽ നിന്ന് മാറി സമാന്തരമായ ഷോർട്ട് കട്ടിലൂടെ പറപറന്ന് മാസ് കാണിച്ച ‘ജോണീസ്’ ബസിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.


പിന്നീട് സമാന്തരപാതയിലൂടെ ഓടിയ ജോണീസ് ബസ് പോലീസ് സ്റ്റേഷനിൽ കിടക്കുന്ന ദൃശ്യങ്ങൾ ചേർത്ത് ട്രോളാക്കി കേരള പോലീസ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടതും സോഷ്യൽമീഡിയ ഏറ്റെടുത്തിരുന്നു. ബസ് ജീവനക്കാരെ അനുകൂലിച്ചും റോഡിന്റെ മോശം സാഹചര്യത്തെ കുറ്റപ്പെടുത്തിയുമൊക്കെ നിരവധിപേർ രംഗത്തെത്തുകയും ചെയ്തു. ഇതോടെയാണ് സമാന്തര പാതയിലൂടെ ഓടിയതിനല്ല ജോണീസിനെ കസ്റ്റഡിയിൽ എടുത്തതെന്ന് പീച്ചി പോലീസ് വ്യക്തമാക്കുന്നത്.

റോങ്ങ് സൈഡിലൂടെ കയറി കാറിൽ ഇടിച്ച് അപകടമുണ്ടാക്കിയതിനാണ് ബസ് കസ്റ്റഡിയിൽ എടുത്തതെന്ന് പീച്ചി പോലീസ് പറഞ്ഞു. സെപ്തംബർ 15നാണ് ബസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ ബസ് ഉടമസ്ഥർക്ക് വിട്ടുകൊടുത്തെന്നും പോലീസ് വ്യക്തമാക്കി.

Exit mobile version