മരട് ഫ്‌ളാറ്റ്; പൊളിക്കുന്നതിന് മുന്‍പ് പാരിസ്ഥിതിക ആഘാതം പഠിക്കണമെന്ന ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

മരട് ഫ്ളാറ്റുകള്‍ക്ക് സമീപം താമസിക്കുന്ന അഭിലാഷ് എജി എന്ന ആളാണ് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്

ന്യൂഡല്‍ഹി: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് മുന്‍പ് പാരിസ്ഥിതിക ആഘാതം പഠിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഉടന്‍ പരിഗണിക്കില്ല. ഇക്കാര്യം അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളി.

നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കുന്നതിന് മുന്‍പ് പരിസ്ഥിതി ആഘാതപഠനം നടത്തണം എന്നാവശ്യപ്പെട്ട് മരട് ഫ്ളാറ്റുകള്‍ക്ക് സമീപം താമസിക്കുന്ന അഭിലാഷ് എജി എന്ന ആളാണ്
സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്.

ഹര്‍ജി രജിസ്ട്രി പരിഗണിക്കുന്ന മുറയ്ക്ക് കോടതിക്കു മുന്നിലെത്തുമെന്ന്, ഇക്കാര്യം മെന്‍ഷന്‍ ചെയ്ത അഭിഭാഷകനോട് സുപ്രീം കോടതി വ്യക്തമാക്കി. തിങ്കളാഴ്ച മരട് കേസ് വീണ്ടും കോടതിക്കു മുന്നിലെത്തുന്നുണ്ട്. അതിനൊപ്പം ഈ ഹര്‍ജി കൂടി കൂട്ടിച്ചേര്‍ക്കണമെന്ന ആവശ്യവും കോടതി അനുവദിച്ചില്ല.

Exit mobile version