നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കരുത്; സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ദിലീപിന് മെമ്മറി കാര്‍ഡ് നല്‍കുന്നതിനെ എതിര്‍ നേരത്തെ നടിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു

ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിന്, ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് നല്‍കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നടിയുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്ത് ദൃശ്യങ്ങള്‍ പ്രതിയ്ക്ക് കൈമാറരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചു.

ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കേസിലെ തൊണ്ടി മുതലാണെന്നും, അതിലെ ദൃശ്യങ്ങള്‍ രേഖകളാണെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കിയാല്‍ അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാമെന്നും ,ഇത് ഇരയുടെ സുരക്ഷിതത്വത്തെയും സ്വകാര്യതയെയും ഗുരുതരമായി ബാധിക്കുന്നതാണെന്നും സര്‍ക്കാര്‍ വാദിച്ചു.

ദിലീപിന് മെമ്മറി കാര്‍ഡ് നല്‍കുന്നതിനെ എതിര്‍ നേരത്തെ നടിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ദൃശ്യങ്ങള്‍ പ്രതിയ്ക്ക് കൈമാറാതെ, രേഖകള്‍ പരിശോധിക്കാനുള്ള നടപടിക്രമങ്ങള്‍ വേണമെന്നതാണ് നടിയുടെ പ്രധാന ആവശ്യം. അത് തന്റെ സ്വകാര്യതയെ ഒരു തരത്തിലും ബാധിക്കുന്നതുമാകരുതെന്നും നടി ആവശ്യപ്പെട്ടു. ജസ്റ്റിസ് എഎന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Exit mobile version