മാണി സി കാപ്പനു വേണ്ടി നിരത്തിലിറങ്ങി ജാഫര്‍ ഇടുക്കിയും വിനയനും; പാലായിലെ പ്രചാരണം കൊഴുപ്പിച്ച് സിനിമാ താരങ്ങളും അണിയറ പ്രവര്‍ത്തകരും

കെഎം മാണിയുടെ ആത്മാവ് പോലും കാപ്പന്റെ ജയം ആഗ്രഹിക്കുന്നുവെന്നും തന്റെ പേരുകാരന്‍ ജയിക്കുന്നത് മാണിക്ക് സന്തോഷമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാല: ഇടത് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് വേണ്ടി പ്രചാരണത്തിന് പാലായിലേയ്ക്ക് തിരിച്ച് സിനിമാ താരങ്ങളും അണിയറ പ്രവര്‍ത്തകരും. സംവിധായകന്‍ വിനയനും, നടന്‍ ജാഫര്‍ ഇടുക്കിയുമാണ് ആദ്യ ദിനത്തില്‍ മാണി സി കാപ്പന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാന്‍ എത്തിയത്. മമ്മി സെഞ്ച്വറിയുടെ നേതൃത്വത്തില്‍ ഒരുക്കുന്ന കലാജാഥ രണ്ട് ദിവസം കൊണ്ട് മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കും.

കാപ്പന് വോട്ടുതേടാന്‍ കലാജാഥ ഒരുക്കിയാണ് സിനിമ താരങ്ങളും അണിയറ പ്രവര്‍ത്തകരും പാലായിലേയ്ക്ക് എത്തിയത്. രാമപുരം ജംഗ്ഷനില്‍ എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി ടിപി പീതാംബരന്‍ മാസ്റ്റര്‍ ജാഥ ഉദ്ഘാടനം ചെയ്തു. ചരിത്രം തിരുത്തുന്ന തെരഞ്ഞെടുപ്പാകും ഇത്തവണത്തേതെന്ന് സംവിധായകന്‍ വിനയന്‍ പറയുന്നു. ജാഥയുടെ ഫ്‌ളാഗ് ഓഫ് നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെഎം മാണിയുടെ ആത്മാവ് പോലും കാപ്പന്റെ ജയം ആഗ്രഹിക്കുന്നുവെന്നും തന്റെ പേരുകാരന്‍ ജയിക്കുന്നത് മാണിക്ക് സന്തോഷമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വന്‍ ആവേശത്തോടെയാണ് ആ വാക്കുകള്‍ ജനം ചെവികൊണ്ടത്. രാഷ്ട്രീയം തുറന്നു പറഞ്ഞ് ജാഫര്‍ ഇടുക്കിയും കാപ്പന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കാന്‍ എത്തി. കുറേ നാള്‍ നമ്മള്‍ ജയ അരിയുടെ ചോറ് കഴിച്ചു. അത് മാറ്റി വേറെ അരി ഒന്ന് വച്ച് നോക്കി കൂടെ എന്ന ഉദാഹരണം ചൂണ്ടിക്കാണിച്ചാണ് വോട്ട് അഭ്യര്‍ത്ഥിച്ചത്. പരിപാടിയില്‍ യുഡിഎഫ് കണ്‍വെന്‍ഷനില്‍ പിജെ ജോസഫിനെ അവഹേളിച്ചതിലും ജാഫര്‍ ഇടുക്കി പ്രതിഷേധം അറിയിച്ചു. ഏതായാലും പാലായിലെ പ്രചാരണം കൊഴുക്കുകയാണ്.

Exit mobile version